kovid-pradhirodham

തൃപ്രയാർ: കൊവിഡ് പ്രതിരോധത്തിനായുള്ള ആയുർവേദ മരുന്ന് ആയുഷ് 64 ന്റെ നാട്ടിക പഞ്ചായത്തിലെ വിതരണം സേവാഭാരതി തൃപ്രയാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കൊവിഡ് രോഗബാധിതർ ഏഴ് ദിവസത്തിനകം ആയുഷ് 64 കഴിച്ചു തുടങ്ങണം. 18 വയസിനും 60 വയസിനുമിടയിലുള്ളവർക്കാണ് മരുന്ന് നൽകുക.

സേവാഭാരതി വളണ്ടിയർമാർ സൗജന്യമായി മരുന്ന് രോഗികളുടെ വീടുകളിലെത്തിക്കും. നാട്ടിക പഞ്ചായത്തിലെ മരുന്ന് വിതരണത്തിന് ആയുഷ് മന്ത്രാലയം ചുമതലപ്പെടുത്തിയ ഡോ. ചീതു ഷെറിൻ മരുന്നിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.

സേവാഭാരതി തൃപ്രയാർ യൂണിറ്റ് സെക്രട്ടറി രമേഷ് റേ, ആയുഷ് കോ- ഓർഡിനേറ്റർ പ്രതീഷ് പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ പി.വി സെന്തിൽകുമാർ, സുരേഷ് ഇയ്യാനി, ഗ്രീഷ്മ സുഖിലേഷ് എന്നിവർ പങ്കെടുത്തു.

കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

കുരിത്തറ തിരുപഴഞ്ചേരി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസുകാർക്ക് സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. സി.സി മുകുന്ദൻ എം.എൽ.എ എസ്.ഐ: നൗഷാദ് ഇബ്രാഹിമിന് നൽകി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ അഡ്മിൻ ഓഫീസർ എ.എസ്.ഐ: നൂർദ്ദീൻ, എ.എസ്‌.ഐ: എം.കെ അസീസ്, സി.പി.ഒ ഉണ്ണിക്കൃഷ്ണൻ, നൗഷാദ് രായംമരക്കാർ, സിജി സുരേഷ്, ജെൻസൺ വലപ്പാട് എന്നിവർ പങ്കെടുത്തു.

ഭക്ഷ്യക്കിറ്റ് വിതരണം

നാട്ടിക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും 100ഓളം വരുന്ന കുടുംബങ്ങൾക്കും പച്ചക്കറിയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. വാർഡ് മെമ്പർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യക്കിറ്റ് നൽകിയത്. കെ.പി.എം.എസ് ജില്ലാ സെക്രട്ടറി ലോജനൻ അമ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ഇയ്യാനി,​ ഗ്രീഷ്മ സുഖിലേഷ്,​ ബി.ജെ.പി മണ്ഡലം ജന. സെക്രട്ടറി എ.കെ ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, ഗോപിനാഥൻ, ജഗദീശൻ, സുബ്രഹ്മണ്യൻ, നിഖിൽ എന്നിവർ നേതൃത്വം നൽകി.