വാടാനപ്പിള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയിരം വാർഡുകളിൽ പൾസ് ഓക്‌സി മീറ്ററുകൾ നൽകുമെന്ന് ടി.എൻ പ്രതാപൻ എം.പി. കെ.പി.എസ്.ടി.എ വലപ്പാട് ഉപജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി അദ്ധ്യാപകർ എം.പീസ് കൊവിഡ് കെയറിലേക്ക് സംഭാവന ചെയ്ത 300 പൾസ് ഓക്‌സി മീറ്ററുകൾ എം.പി ഏറ്റുവാങ്ങി.

കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന ഗുരുസ്പർശം 2 പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങളോട് അനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉപജില്ലാ പ്രസിഡന്റ് കെ.എൽ മനോഹിത്ത് അദ്ധ്യക്ഷനായി. കെ.എസ് ദീപൻ,​ സ്റ്റേറ്റ് സെൽ കൺവീനർ റൈജു പോൾ, സെക്രട്ടറി ടോണി തോമസ്, റീഗൺ തോമസ്, സി.എം നൗഷാദ്, വി.എ ബാബു, കെ.എസ് രാജി, വി.ഡി സന്ദീപ് എന്നിവർ സംസാരിച്ചു.