മാള: സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കൊ-വാക്സിൻ ഇല്ലാത്തതിനാൽ സൗദി പ്രവേശനം സാദ്ധ്യമാകാതെ ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിൽ നിരവധി പ്രവാസികൾ. നാട്ടിലെത്തി കൊ വാക്‌സിൻ എടുത്ത ആയിരക്കണക്കിന് മലയാളികളാണ് പ്രതിസന്ധിയിലായത്. ലോകാരോഗ്യ സംഘടന അംഗീകരിച്ചുവെന്ന് പറയുമ്പോഴും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിൽ കോവി ഷീൽഡ് മാത്രമാണുള്ളത്. അതിനാൽ വാക്‌സിനെടുപ്പ് പൂർത്തിയായവർക്ക് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് സൗദിയിൽ സ്വീകരിക്കില്ല. ഫൈസർ ബയോ ടെക് , ഓക്‌സ്‌ഫോർഡ് അസ്ട്ര സെനിക്ക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ, കൊവി ഷീൽഡ് എന്നീ വാക്സിനുകളാണ് സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്.
വാക്സിൻ സ്വീകരിച്ച് 14 ദിവസത്തിന് ശേഷമേ സൗദിയിലേക്ക് യാത്ര തിരിക്കാവൂ എന്നും നിബന്ധനയുണ്ട്. യാത്രയുടെ പരമാവധി 72 മണിക്കൂർ മുമ്പാണ് വിവരങ്ങൾ പോർട്ടലിൽ നൽകേണ്ടത്. പോർട്ടലിൽ നൽകിയ വിവരങ്ങൾ ശരിയാണ് എന്നതിന് സത്യവാങ്മൂലവും നൽകണം. ഈ വിവരങ്ങളുടെ സത്യാവസ്ഥ ബോർഡിംഗ് പാസ് അനുവദിക്കുമ്പോഴും സൗദിയിലെ എയർപോർട്ടുകളിൽ വെച്ചും ഉറപ്പുവരുത്തും. അതേസമയം പതിനെട്ടു വയസിൽ കുറവ് പ്രായമുള്ളവരുടെ വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
സൗദിയിൽ 15 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ഞാൻ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. ഫ്‌ളൈറ്റ് തുടങ്ങിയാൽ തിരിച്ചുപോകാൻ വിസയും ശരിയായി. 45 കാരനായ എനിക്ക് മേയ് 5 ന് കൊ വാക്‌സിൻ ആദ്യ ഡോസ് എടുത്തു. ആദ്യ ഡോസ് എടുത്ത് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധന വന്നത്. സൗദി കോവാക്‌സിൻ അംഗീകരിക്കുകയോ രണ്ടാം ഡോസ് കൊവിഷീൽഡ് നൽകി ആ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്താലേ തിരിച്ചുപോകാനാകൂ.
ബഷീർ
വാഴയ്ക്കാമഠം,പുത്തൻചിറ
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ആദ്യ ഡോസ് എടുത്ത വാക്‌സിൻ തന്നെയാണ് രണ്ടാമത് എടുക്കേണ്ടത്. സർട്ടിഫിക്കറ്റും മാറ്റി നൽകാനാകില്ല.
ഡോ.ജയന്തി
വാക്‌സിൻ ചുമതലയുള്ള ഡെപ്യൂട്ടി ഡി.എം.ഒ