kulamu

ചേർപ്പ്: പഞ്ചായത്തിലെ പശുക്കളിൽ കുളമ്പ് രോഗം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രോഗം ബാധിച്ച് കോടന്നൂർ ചാക്യാർ കടവിൽ മൂന്ന് പശുക്കളാണ് ചത്തത്. പഞ്ചായത്ത് മൃഗാശുപത്രിയിൽ കഴിഞ്ഞ ഏഴുമാസമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.

പഞ്ചായത്തിലെ എല്ലാ മേഖലയിലേയ്ക്കും കുളമ്പ് രോഗം അതിവേഗം പടരുകയാണ്. കൊവിഡ് മൂലം പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് രോഗ വ്യാപനം ഇരട്ടി പ്രഹരമായി. പാറളം പഞ്ചായത്തിൽ മുപ്പതോളം പശുക്കളിൽ അസുഖം ബാധിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. രോഗം പിടിപെട്ട പശുക്കളിൽ നിന്ന് ലഭിച്ചിരുന്ന പാലിന്റെ അളവ് നേർപകുതിയായതോടെ വരുമാനവും ഇല്ലാതാകുന്ന സ്ഥിതിയാണ്. കൂടാതെ പശുക്കൾക്ക് കുത്തിവയ്പ്പ് നടത്താനും ചികിത്സിക്കുവാനും ചെലവ് വളരെ കൂടുതലാണ്. ക്ഷീര കർഷകരുടെ ദുരിതം കണ്ടറിഞ്ഞ് അധികൃതർ ഉടൻ പരിഹാരം കണ്ടെത്തണമെന്ന് കർഷകനായ നിഖിൽ പറഞ്ഞു.