അരിമ്പൂർ: കുളമ്പ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കറവപശുചത്തതോടെ ക്ഷീരകർഷകർ ഭീതിയിൽ. നിരവധി പശുക്കൾ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. അരിമ്പൂർ പഞ്ചായത്ത് എട്ടാം വാർഡിലെ തച്ചപ്പുള്ളി അനീഷിന്റെ വീട്ടിലെ ജേഴ്‌സി പശുവാണ് തിങ്കളാഴ്ച രാവിലെ ചത്തത്.
ക്ഷീര കർഷകനായ അനീഷിന് 10 പശുക്കളാണുള്ളത്. ഇവയിൽ മൂന്നെണ്ണത്തിനാണ് കുളമ്പ് രോഗം ബാധിച്ചത്. 14 ദിവസമായി ഇൻജക്ഷനുൾപ്പടെയുള്ള ചികിത്സകൾ തുടരുകയായിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ അവയിൽ ഒരെണ്ണം ചാവുകയായിരുന്നു. വായയിൽ നിന്ന് നുരയും പതയുമായി കുളമ്പ് രോഗലക്ഷണം കാണിച്ചെന്നും പിന്നീട് പശുക്കൾക്ക് കാലുകൾക്ക് സ്വാധീനം നഷ്ടപെട്ടെന്നും അനീഷ് പറയുന്നു.
ഏക ജീവിതമാർഗ്ഗമായ പശുക്കൾക്ക് രോഗം വന്നതോടെ ഏറെ ആശങ്കയിലാണ് അനീഷ്. അറുപതിനായിരം രൂപ വിലയുള്ള കറവപശു നഷ്ടമായതിനാൽ അർഹമായ നഷ്ട പരിഹാരം നൽകണമെന്നും കൂടുതൽ ചികിത്സ ലഭ്യമാക്കണമെന്നും വാർഡ് അംഗം സിന്ധു സഹദേവൻ ആവശ്യപെട്ടു.
ഇതിനിടയിൽ കുളമ്പ് രോഗത്തിന് ഹോമിയോ മരുന്നുകൾ ഏറെ ഫലപ്രദമാണെന്ന വാദവും ശക്തമായിട്ടുണ്ട്. വെറ്ററിനറി മേഖലയിലെ ഡോകടർമാരിൽ 200 ഓളം പേർ ഇതിനകം ഹോമിയോ മേഖലയിൽ കൂടി പരിശീലനം നേടിയവരുണ്ട്. ഇവരെ ഉയോഗപെടുത്തിയാൽ ക്ഷീരമേഖലയിൽ പടർന്ന് പിടിക്കുന്ന കുളമ്പ് രോഗത്തെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയാണ് ക്ഷീര കർഷകർ പങ്കിടുന്നത്. കുളമ്പ് രോഗത്തിന് അലോപതി ചികിത്സയിൽ രണ്ടായിരത്തി അഞ്ഞൂറോളം രൂപ ആദ്യഘട്ടത്തിൽ ക്ഷീരകർഷകന് ചെലവാകുമ്പോൾ ഹോമിയോ ചികിത്സാ ചെലവ് വളരെ കുറവാണെന്ന് ചില ക്ഷീരകർഷകർ പറയുന്നു. മുഖ്യമന്ത്രി അടക്കുമുള്ളവർ ഈ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നതാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യം.
രോഗം പകരുന്നത്
കുളമ്പ് രോഗം വായുവിലൂടെയും വെള്ളത്തിലൂടെയും പുല്ലിലൂടെയും സമ്പർക്കത്തിലൂടെയും പടരാമെന്ന് വിദഗ്ധർ പറയുന്നു. തൊഴുത്തിൽ കൂട്ടത്തിലുള്ള ഒരു പശുവിന് രോഗലക്ഷണം കണ്ടാൽ അതിനെ മാറ്റി കെട്ടുന്നത് വഴി മറ്റുള്ള പശുക്കളിലേക്ക് രോഗം പടരുന്നത് തടയാം.