കുന്നംകുളം: ട്രിപ്പിൾ ലോക് ഡൗണിൽ കുടുങ്ങിയ പച്ചക്കറിക്കർഷകർക്ക് സഹായവുമായി നഗരസഭ നടത്തിയ സംഭരണ വിതരണ കേന്ദ്രത്തിലൂടെ ഒരാഴ്ച വിറ്റഴിച്ചത് 15.39 ടൺ പച്ചക്കറി. കർഷകർക്ക് ആശ്വാസമേകാനും സന്നദ്ധ സംഘടനകൾക്കും നഗരസഭാ പരിധിയിലെ വീട്ടുകാർക്കും പച്ചക്കറികൾ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞു.
കർഷകർ ഉത്പാദിപ്പിച്ച പച്ചക്കറികൾക്ക് വിപണി കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് സംഭരണ വിതരണ സംവിധാനം നഗരസഭ തുടങ്ങിയത്. നഗരസഭാ പരിധിയിലെ കർഷകരിൽ നിന്നും ക്ലസ്റ്ററുകളിൽ നിന്നും പച്ചക്കറികൾ ശേഖരിച്ചു. ചൊവ്വന്നൂർ, ചൂണ്ടൽ, തൃശൂർ, ചേലക്കര, പഴയന്നൂർ എന്നിവിടങ്ങളിലെ കർഷക കൂട്ടായ്മകളിൽ നിന്നും വി.എഫ്.പി.സി.കെ കൗണ്ടറുകളിൽ നിന്നും പച്ചക്കറികൾ കൊണ്ടുവന്നു.
വിപണിവില നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിച്ചത്. ആർ.ആർ.ടി അംഗങ്ങൾ വഴി ആവശ്യക്കാരുടെ വീടുകളിലേക്കെത്തിച്ചു. സുഭിക്ഷ ഹോട്ടലിലേക്കും ഇവ ഉപയോഗിച്ചു. സൗജന്യമായി കിറ്റുകൾ വിതരണം ചെയ്ത സന്നദ്ധ സംഘടനകളും ഇത് പ്രയോജനപ്പെടുത്തി.
നഗരസഭ പരിധിയിൽ താമസിക്കുന്ന കൃഷി അസിസ്റ്റന്റുമാരായ ആർത്താറ്റ് കൃഷിഭവനിലെ ടി.എൻ. നിമൽ, ഷിജി ചാക്കോ, കാട്ടകാമ്പാലിലെ ടി.ജി. ജിനി, പുന്നയൂർക്കുളത്തെ എൻ.പി. ഷീജ, ചാവക്കാട് സീഡ് ഡെവലപ്‌മെന്റ് ഓഫീസിലെ സിമി, ഗവ. പോളിടെക്‌നിക്കിലെ ട്രേഡ് ഇൻസ്‌ട്രക്ടർ പി.വി. അൻഷാദ് തുടങ്ങിയവരും സുഭിക്ഷ ഹോട്ടലിന്റെ ചുമതലക്കാരും സംരംഭത്തിന് നേതൃത്വം നൽകി.
ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ച സാഹചര്യത്തിലും പച്ചക്കറി കർഷകർക്ക് വിപണി തിരിച്ചുപിടിക്കാൻ കഴിയുന്നതിനാലും തത്കാലം സംഭരണ കേന്ദ്രത്തിന്റെ പ്രവർത്തനം നിറുത്തി.