കുന്നംകുളം: പന്തിനെയും നാടിനെയും ഒരുപോലെ പ്രണയിച്ച പൊലീസ് ജമാൽക്കയ്ക്ക് ജന്മനാടിന്റെ വിട. വോളിബാളിൽ കേരള പൊലീസിന്റെ ക്യാപ്ടനായിരുന്നപ്പോഴും നാട്ടിൻപുറത്തെ യുവാക്കൾക്ക് കളി പറഞ്ഞുകൊടുക്കാൻ താത്പര്യം കാണിച്ച കായികപ്രേമി. ചമ്മന്നൂർ ബസ് സ്റ്റോപ്പിന് പിറകുവശത്ത് പഠിക്കപറമ്പിൽ ജമാൽ ഇങ്ങനെയാണ് നാട്ടുകാരുടെ പൊലീസ് ജമാൽക്കയായത്.
ആൾ ഇന്ത്യ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ വോളിബോൾ ടീമിൽ അംഗമായിരുന്നു. ഫെഡറൽ കപ്പിൽ ഇന്ത്യ നേടിയ വിജയത്തിന് ജമാലിന്റെ മികച്ച പ്രകടനവും പങ്കാളിത്തവും തുണയായി. കൊച്ചി വിമാനത്താവളത്തിലെ പ്രമാദമായ പല കേസുകളും അന്വേഷിച്ച് പ്രതികളെ പിടികൂടുന്നതിൽ മുഖ്യപങ്കുവഹിച്ചതിന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിനും അർഹനായിട്ടുണ്ട്.
കായിക ജീവിതത്തിലെന്ന പോലെ ഔദ്യോഗിക ജീവിതത്തിലെ സത്യസന്ധതയ്ക്ക് നിരവധി അവാർഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പാലക്കാട് കേരള ആംഡ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറായാണ് പൊലീസിൽ നിന്ന് വിരമിച്ചത്.
കമാൻഡന്റ് സി.വി. പാപ്പച്ചൻ, കമാൻഡന്റ് ജോസ് വി. ജോസ്, ഡെപ്യൂട്ടി കമാൻഡന്റ് ജോണി ജാക്‌സൺ, അസിസ്റ്റന്റ് കമാൻഡന്റുമാരായ സി.കെ. സ്റ്റീഫൻ, സി.ആർ. മനോജ്, പി.ടി. ആനന്ദ്, ജാക്‌സൺ പീറ്റർ, മെഹബൂബ്, റെജി, തൃശൂർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർമാരായ എ.ഡി. ജയ്‌സൺ, പയസ് ജോർജ്, വടക്കെക്കാട് സർക്കിൾ ഇൻസ്‌പെക്ടർ പി. ബാലൻ തുടങ്ങിയവർ അനുശോചനം അറിയിച്ചു. ചമ്മന്നൂർ മഹല്ല് ഖദീബ് അലി ദാരിമി പ്രാർത്ഥനയ്ക്ക് നേനതൃത്വം നൽകി.