തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ അനുമതിയും അംഗീകാരവുമില്ലാതെ കൊവിഡ് സന്നദ്ധ പ്രവർത്തകരെന്ന പേരിൽ ലോക്ക് ഡൗൺ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്. ഷാനവാസ്. അനധികൃതമായി വളണ്ടിയർ കാർഡ് ധരിച്ചും വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ചും നടക്കുന്നവരെ കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്.
ശരിയായ പരിശീലനം ലഭിക്കാതെ ഇത്തരത്തിൽ രംഗത്തിറങ്ങുന്നവർ ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുന്നുണ്ട്. സന്നദ്ധ സേവനത്തിനായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും അംഗീകാരമുള്ള റാപിഡ് റെസ്‌പോൺസ് ടീമുകളെ എല്ലാ മേഖലകളിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ സംഘങ്ങളും പൊലീസും സേവനത്തിനായി രംഗത്തുണ്ട്. പൊതുജനങ്ങൾ ഇവരെയാണ് സമീപിക്കേണ്ടത്.
വളണ്ടിയർമാരെന്ന മട്ടിൽ ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും അനധികൃതമായി സ്റ്റിക്കർ പതിച്ച് ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസിന് നിർദ്ദേശം നൽകുമെന്നും കളക്ടർ അറിയിച്ചു.