devasykutty

ചാലക്കുടി: ഒരു മാസത്തിനിടെ ഒരു കുടുംബത്തിലെ ആറു പേർ മുംബയിൽ കൊവിഡ് പിടിപെട്ട് മരിച്ചതിന്റെ തീരാദുഃഖത്തിലാണ് പരിയാരത്തെ പടിഞ്ഞാക്കര തറവാട്ടു വീട്. മുംബയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ അംഗങ്ങളാണ് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മരണത്തിന് കീഴടങ്ങിയത്.

പടിഞ്ഞാക്കര പി.കെ. പോളിന്റെ മകൾ വത്സലയാണ് (64) ആദ്യം മരിച്ചത്. ഏപ്രിൽ എട്ടിന്. ഒരാഴ്ചയ്ക്കുള്ളിൽ പോളിന്റെ ഭാര്യ സെലീനയും (88) മരിച്ചു. വത്സലയുടെ മകൻ ടോണി (36)യും പോളിന്റെ സഹോദരൻ പടിഞ്ഞാക്കര ദേവസിക്കുട്ടിയും പിന്നീട് മരിച്ചു. ഏപ്രിൽ 22ന് അന്ത്യശ്വാസം വലിച്ച ദേവസ്സിക്കുട്ടിക്ക് 86 വയസായിരുന്നു.

പോളിന്റെ മറ്റൊരു മകൾ ഗ്രേസിയും (62) രണ്ടു ദിവസത്തിനകം കൊവിഡിന് കീഴടങ്ങി. പോളിന്റെ മകൻ ടോണിയുടെ (36) മരണം മേയ് 12നായിരുന്നു. മുംബയിലെ ഉന്നത ആശുപത്രികളിലായിരുന്നു ചികിത്സയെങ്കിലും വാക്‌സിന്റെയും മറ്റു മരുന്നുകളുടെയും ക്ഷാമമാണ് കുടുംബത്തിലെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്ന് നാട്ടിലുള്ള ഇവരുടെ കുടുംബക്കാരനും റിട്ട. കായിക അദ്ധ്യാപകനുമായ ജോഷി ജോർജ് പറഞ്ഞു. ദശാബ്ദങ്ങളായി മുംബയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന ഇവർ രണ്ടരവർഷം മുമ്പാണ് അവസാനമായി പരിയാരത്ത് വന്നത്.