ചേലക്കര: കൊവിഡ് ബാധിത കുടുംബങ്ങളിൽ വളരെയേറെ ദുരിതം അനുഭവിക്കുന്നവരാണ് വളർത്തുമൃഗങ്ങൾ, പ്രത്യേകിച്ചും കന്നുകാലികൾ. തീറ്റയ്ക്കുള്ള പുല്ല് എത്തിക്കുന്നതും കറവയും കുളിപ്പിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊവിഡ് ബാധിത കുടുംബങ്ങളിൽ സ്ഥിതി ദയനീയമാണ്.

വയ്ക്കോൽ സ്റ്റോക്ക് ചെയ്യാതെ പുല്ല് അരിഞ്ഞിട്ട് കൊടുക്കുകയും അഴിച്ചുവിട്ട് തീറ്റുകയും ചെയ്തിരുന്ന ചെറുകിട കർഷകരുടെ കന്നുകാലിയും ആടുകളും പോലുള്ള മിണ്ടാപ്രാണികളാണ് ദുരിതത്തിലാകുന്നത്. ഇവയെ തീറ്റാനോ, കറക്കാനോ സഹായിക്കാൻ കൊവിഡ് ഭീതിയാൽ പലരും തയ്യാറാകാത്ത സ്ഥിതിയാണ് പലയിടത്തും.

കഴിഞ്ഞ ദിവസം പഴയന്നൂരിലെ ഒരു വീട്ടിൽ പശുവിനെ കറക്കാൻ ആരും തയ്യാറാകാതിരുന്നതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർ എത്തിയാണ് പാൽ കറന്നത്. കഴിഞ്ഞ ദിവസം കിള്ളിമംഗലത്തുള്ള ഒരു കുടുംബത്തിലെ എല്ലാവർക്കും കൊവിഡായതിനെ തുടർന്ന് വാർഡ് മെമ്പർ ക്ഷേമാന്വേഷണം നടത്തിയപ്പോഴാണ് ദയനീയാവസ്ഥ അറിഞ്ഞത്.

വീട്ടിലെ പശുക്കളുടെ പട്ടിണിക്കാര്യം അറിഞ്ഞപ്പോൾ ആർ.ആർ.ടി അംഗങ്ങളും മെമ്പറും ചേർന്ന് പുല്ല് അരിഞ്ഞ് എത്തിക്കുകയായിരുന്നു. ഇത്തരത്തിൽ ദയനീയാവസ്ഥയിലുള്ള പല ക്ഷീരകർഷക കുടുംബങ്ങളുമുണ്ട്.