മാള: അന്നമനട പഞ്ചായത്തിലെ 17 വാർഡുകളും കണ്ടെയ്ൻമെന്റ് നിയന്ത്രണത്തിലായതിനാൽ ഡോക്ടറുടെ സേവനം വീടുകളിലേക്ക് എത്തിക്കുന്നു. ഓരോ വാർഡിലെയും രണ്ട് കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് പ്രഷർ, ഷുഗർ, ഓക്‌സിജൻ ലെവൽ നോക്കുന്നതിനോടൊപ്പം പരിശോധിച്ച് ആവശ്യമായവർക്ക് മരുന്നും നൽകുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് മരുന്നിനുള്ള തുക നൽകുന്നത്. മാള ഗുരുധർമ്മം മിഷൻ ആശുപത്രിയുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ആരോഗ്യ മിത്രം പദ്ധതി നടപ്പാക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ 24 മണിക്കൂറും ഹെൽപ് ലൈനിലൂടെയും വാർ റൂമിലൂടെയും ടെലി മെഡിസിൻ, രോഗികൾക്ക് കൗൺസിലിംഗ്, ആംബുലൻസ് സൗകര്യം, സമൂഹ അടുക്കള തുടങ്ങിയ സേവനങ്ങൾ നൽകുന്നുണ്ട്. ആരോഗ്യ മിത്രം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, ടി.കെ. സതീശൻ, സിന്ധു ജയൻ, കെ.ഐ. ഇക്ബാൽ, ടി.വി. സുരേഷ് കുമാർ, ഡോ.അനു ജോർജ്ജ്, ഗുരുധർമ്മം മിഷൻ ആശുപത്രി സി.ഇ.ഒ ഡോ. ആദർശ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.