കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിൽ ജീർണാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഇരുനില കോൺക്രീറ്റ് കെട്ടിടം ജനങ്ങളിൽ ഭീതിയുണർത്തുന്നു. റോഡരികിൽ നിൽക്കുന്ന കെട്ടിടത്തിന് നൂറിലധികം വർഷം പഴക്കമുണ്ട്.
മാർക്കറ്റ് ദിവസമായ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ കെട്ടിടം നിലംപതിക്കുമോയെന്നാ ആശങ്കയിലാണ് നാട്ടുകാർ.
കെട്ടിടത്തിന്റെ മുകളിലെ മുറിയുടെ മേൽക്കൂര താഴേക്ക് വീഴാതിരിക്കാൻ ഇരുമ്പ് പൈപ്പ്കൊണ്ട് കുത്ത് കൊടുത്ത് നിറുത്തിയിരിക്കുകയാണ്. കെട്ടിടത്തിന്റെ മുമ്പിലെ ജനൽ പാളികൾ ഭാഗികമായി നശിച്ചിട്ടുണ്ട്. കെട്ടിടത്തിലെ ബീം ഒടിഞ്ഞ് ജനലിൽ തങ്ങിയാണ് ഇപ്പോൾ നിൽക്കുന്നത്.
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കച്ചവടക്കാർ വർഷങ്ങൾക്ക് മുമ്പ് മുറികൾ ഉപേക്ഷിച്ച് പോയിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലായിൽ കെട്ടിടം പൊളിച്ചുമാറ്റാണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമയായ നിഷ അനിയന് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടങ്ങളുടെ ഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും തകർന്ന് വീണിരുന്നു. മുസ്‌രിസ് പൈതൃക പദ്ധതിയിൽപ്പെടുത്തി കെട്ടിടം സംരക്ഷിക്കാൻ സർക്കാർ പദ്ധതിയിട്ടതോടെ കെട്ടിടം പൊളിക്കൽ പിന്നെയും നീണ്ടു. സ്ഥല ഉടമ കെട്ടിടം പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകിയിട്ടുണ്ട്.