ഒരു കൊവിഡ് മരണം കൂടി, പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

ചാലക്കുടി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലക്കപ്പാറയിൽ നിയന്ത്രണം കടുപ്പിച്ച് അതിരപ്പിള്ളി പഞ്ചായത്തും ആരോഗ്യ വകുപ്പും. മെഡിക്കൽ ഓഫീസർ പീറ്റർ ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ ചൊവ്വാഴ്ച ചേർന്ന നിരീക്ഷണ സമിതി യോഗം തീരുമാനിച്ചു.

ഇതിനിടെ മലക്കപ്പാറയിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. 62 വയസുള്ള പെരിയ സ്വാമിയാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മലക്കപ്പാറയിൽ ഒരു ഡി.സി.സി കൂടി ആരംഭിക്കുന്നതിനും തീരുമാനമായി.

രോഗ വ്യാപനം കുറയുന്നതു വരെ ടാറ്റ എസ്റ്റേറ്റിലെ പ്രവർത്തനങ്ങൾ പൂർണമായി നിറുത്തിവയ്ക്കുന്നതിന് മാനേജ്മെന്റിനോട് നിരീക്ഷണ സമിതി നിർദ്ദേശിച്ചു. പൊലീസ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേക റോന്തു ചുറ്റലും ഉണ്ടാകും. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്കും തീരുമാനമായി.

തോട്ടം തൊഴിലാളികളായ നൂറോളം പേർക്കാണ് ഇവിടെ വൈറസ് ബാധയുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നിരീക്ഷണ സമിതി യോഗത്തിൽ പൊലീസ്, ആരോഗ്യ, ട്രൈബൽ, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.