death

തൃശൂർ: കൊവിഡ് ബാധിച്ച് ജില്ലയിൽ ഇതുവരെ മരിച്ചത് 1500ൽ അധികം പേരാണ്. പരിശോധനയിൽ ഇവർക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചതുമാണ്. എന്നാൽ ഈ മാസം 24വരെയുള്ള കണക്ക് അനുസരിച്ച് 905 പേർമാത്രമാണ് സംസ്ഥാന സർക്കാരിന്റെ ജില്ലയിലെ ഔദ്യോഗിക കണക്കിലുള്ളത്. ചൊവ്വാഴ്ച മാത്രമാണ് 62 പേരുടെ മരണം സർക്കാർ കണക്കിൽ കാണിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച 600 ലേറെ പേരുടെ മരണം ഒരു കണക്കിലും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.

നൂറ്റാണ്ട് കണ്ട മാരക പകർച്ചവ്യാധിയാണ് കൊവിഡ്. ഈ വർഷം അഞ്ചുമാസം കഴിയാനിരിക്കെ കൊവിഡ് ഇതര പകർച്ചവ്യാധി ഗണത്തിൽ മരിച്ചത് മൂന്നുപേർ മാത്രമാണ്. കൊവിഡ് ബാധിച്ചു മരിച്ച 600 പേർ ഈ പട്ടികയിലുമില്ല. ഇവരുടേത് സാധാരണ മരണവുമല്ല. കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് ഇക്കൂട്ടരുടെ സംസ്കാരം അടക്കം നടത്തുന്നതെങ്കിലും സർക്കാരിന്റെ ഒരു പട്ടികയിലും ഇക്കൂട്ടർ ഉൾപ്പെട്ടിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇൻഷൂറൻസ് അടക്കം തടയപ്പെടുന്ന സാഹചര്യം ബന്ധുക്കൾക്കുണ്ട്. സന്നദ്ധ സംഘടനകൾ ഇത്തരക്കാരുടെ വീടുകൾക്ക് നൽകുന്ന സഹായങ്ങളും ലഭിക്കാതെ പോവുകയാണ്. ഒപ്പം സർക്കാർ വല്ല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ മരിച്ചയാളുടെ വീട്ടുകാർക്ക് അത് ലഭിക്കാതെ പോകുകയും ചെയ്യും. രണ്ടാം തരംഗത്തിൽ അതിതീവ്ര വൈറസിന്റെ അതിപ്രസരത്തിൽ ജില്ലയിൽ പ്രതിദിനം ശരാശരി 40 പേരെങ്കിലും മരിക്കുന്നുണ്ട്. 24 ദിവസം പിന്നിടുമ്പാൾ ഈ മാസം ഇതുവരെ ആയിരത്തോളം പേർ മരിച്ചു കഴിഞ്ഞു. എന്നാൽ ഇതൊന്നും ഔദ്യോഗിക മരണ കണക്കിൽ വരുന്നില്ല. മറ്റ് രോഗങ്ങളില്ലാതെ കൊവിഡ് മാത്രം ബാധിച്ച് മരിച്ചവരുടെ മരണം മാത്രമാണ് കൊവിഡ് കണക്കിൽ സംസ്ഥാന ഡെത്ത് ഓഡിറ്റ് കമ്മിറ്റി ഉൾപ്പെടുത്തുന്നത്. സ്വകാര്യ, സർക്കാർ ആശുപത്രികളിലും വീടുകളിലുമായി നടന്ന കൊവിഡിനെത്തുടർന്നുള്ള മരണങ്ങളാണ് അനൗദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുന്നത്. ഇവ ഡെത്ത് ഓഡിറ്റ് കമ്മിറ്റി അംഗീകരിച്ചാൽ മാത്രമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുകയുള്ളൂ. കൊവിഡ് രണ്ടാം തരംഗത്തിലാണ് മരണങ്ങൾ ഏറെയെങ്കിലും ഒന്നാം തരംഗത്തെ അപേക്ഷിച്ച് മരണനിരക്കിൽ വർദ്ധനവില്ല. 0.5 ശതമാനത്തിന് താഴെയാണ് ജില്ലയിലെ മരണനിരക്ക്. രോഗികൾ കൂടുന്നതിനാലാണ് മരണവും കൂടുന്നത്. ഏപ്രിൽ പതിനഞ്ചിന് ശേഷം മരണങ്ങൾ കൂടുതലാണെന്ന് ആരോഗ്യവകുപ്പും പറയുന്നു.