annamanada-panchayath
അന്നമനട പഞ്ചായത്തിലെ കൊവിഡ് രോഗികൾക്ക് മുട്ടയും പാലും സൗജന്യമായി വീടുകളിലേക്ക് എത്തിച്ചുനൽകുന്ന പദ്ധതി അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

മാള: അന്നമനടയിലെ കൊവിഡ് രോഗികൾക്ക് മുട്ടയും പാലും ഇനി വീടുകളിലെത്തും. കൊവിഡ് രോഗികൾക്ക് വേണ്ടി തുടങ്ങിയ പദ്ധതി അടുത്ത ഘട്ടമായി കൊവിഡാനന്തര വിശ്രമത്തിൽ കഴിയുന്നവരിലേക്കും വ്യാപിപ്പിക്കും. പഞ്ചായത്തിന്റെയും പ്രസിഡന്റിന്റെ ദുരിതാശ്വാസ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി ഒരു ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. പഞ്ചായത്തിൽ 200ഓളം കൊവിഡ് രോഗികളാണുള്ളത്. കൂടാതെ കഴിഞ്ഞ ഏപ്രിലിന് ശേഷം നെഗറ്റീവ് ആയവരെയും വൈകാതെ പദ്ധതിയിൽ ഉൾപ്പെടുത്തും.

ഒരാൾക്ക് ആഴ്ചയിൽ അഞ്ച് മുട്ടയും ഒന്നര ലിറ്റർ പാലുമാണ് നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള യുവത്വം സന്നദ്ധം പ്രവർത്തകരാണ് ഓരോ വാർഡുകളിലും മുട്ടയും പാലും എത്തിച്ചുനൽകുന്നത്. വാർഡ് മെമ്പർമാർ വഴി ആർ.ആർ.ടി പ്രവർത്തകരാണ് രോഗികളുടെ വീടുകളിലേക്ക് കൈമാറുന്നത്. മുട്ടയും പാലും പദ്ധതി അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാട്ടിലെ മുട്ടക്കോഴി കർഷകരിൽ നിന്ന് മുട്ട വാങ്ങാനും പദ്ധതിയുണ്ട്.

യുവത്വം സന്നദ്ധം കൺവീനർ ജിതിന്റെ നേതൃത്വത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. അന്നമനട പഞ്ചായത്തിൽ മാത്രമായി രൂപീകരിച്ചിട്ടുള്ള യുവത്വം സന്നദ്ധം പ്രവർത്തകർ സൗജന്യ സേവനവുമായാണ് രംഗത്തുള്ളത്. ആദ്യമായി മാലിന്യ നിർമാർജന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. യുവത്വം സന്നദ്ധത്തിലെ 200 വളണ്ടിയർമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 പേരാണ് ആരോഗ്യ കർമ്മ സേനയിലുള്ളത്. കൊവിഡിന് പുറമെ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സേവനം നൽകുന്ന നിലയിലാണ് ഇവർക്ക് പരിശീലനം നൽകിയിട്ടുള്ളത്.

ആർ.ആർ.ടി കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സേവനം എത്തിച്ചുനൽകുന്നുണ്ട്. പഞ്ചായത്ത് രൂപീകരിച്ച യുവത്വം സന്നദ്ധത്തിന്റെ പ്രവർത്തനവും വിപുലമാണ്. കരൾ മാറ്റ ശസ്ത്രക്രിയക്ക് ഓട്ടോ ഡ്രൈവർക്ക് നാല് ലക്ഷം രൂപ കഴിഞ്ഞ ദിവസം കൈമാറിയത് ഇവരുടെ നേതൃത്വത്തിൽ ആക്രി ശേഖരിച്ച് വിൽപ്പന നടത്തിയതിൽ നിന്നാണ്. വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പരിശീലനവും ഇവർക്ക് നൽകുന്നുണ്ട്.

പി.വി വിനോദ്

അന്നമനട പഞ്ചായത്ത് പ്രസിഡന്റ്