തൃശൂർ: കാലവർഷം എത്താൻ ദിവസങ്ങൾ മാത്രം, തീരവാസികളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നു. കാലവർഷം ആരംഭിച്ചാൽ ആർത്തലച്ചു വരുന്ന തീരമാലകളിൽ നിന്ന് രക്ഷ നേടാൻ ആയിരക്കണക്കിന് പേരാണ് നെട്ടോട്ടം ഓടുക. ഇതിനിടയിൽ എത്തുന്ന ട്രോളിംഗ് നിരോധനം കൂടിയാകുമ്പോൾ ജീവിതം ദുരിതപൂർണമാകും. കഴിഞ്ഞ ഏതാനും ദിവസം മുൻപ് ഉണ്ടായ കടൽക്ഷോഭത്തിൽ നൂറുക്കണക്കിന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വന്നിരുന്നു. കൊവിഡും മഴയും മഴക്കാല കെടുതികളും മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്. കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ കാലവർഷ, കടൽക്ഷോഭ കെടുതികളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി ചർച്ച ചെയ്തു. വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മഴക്കാല മുന്നൊരുക്കം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ദുരന്തനിവാരണ നോഡൽ ഓഫീസർ വിക്രമൻ ആശാരി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, ജോയിന്റ് ബി.ഡി.ഒ. ആശ, തഹസിൽദാർ കെ.ജ്യോതി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പുലിമുട്ടുകൾ ഇല്ല
തീരദേശ മേഖലയിൽ കടൽക്ഷോഭം ചെറുക്കുന്നതിനു പല സ്ഥലങ്ങളിലും പുലിമുട്ടുകൾ ഇല്ല. പുലിമുട്ടു നിർമ്മിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതു വരെയും പൂർണമായും നടപ്പാക്കാൻ സാധിച്ചിട്ടില്ല. കടൽക്ഷോഭം, കാലവർഷക്കെടുതികൾ എന്നിവ നേരിടുന്നതിന് പെരുംതോട്, ഇടതോടുകൾ, കാനകൾ എന്നിവ അടിയന്തരമായി വൃത്തിയാക്കും. ജിയോബാഗ്, പുലിമുട്ട് നിർമാണം എന്നിവ ത്വരിതപ്പെടുത്താൻ യോഗം തീരുമാനിച്ചിട്ടുണ്ട്.