തൃശൂർ: കുഴൽപ്പണ കവർച്ചാക്കേസിൽ പണം നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ട ധർമരാജനെയും കാറിന്റെ ഡ്രൈവർ ഷംജീറിനെയും അന്വേഷണ സംഘം ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്തു. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് കൊടുത്തുവിട്ട പണമായിരുന്നെന്ന് ആർ.എസ്.എസ് പ്രവർത്തകനായ ധർമരാജൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ബി.ജെ.പി തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കടത്തിക്കൊണ്ടുവന്ന 3.5 കോടി രൂപയാണ് കവർച്ച ചെയ്യപ്പെട്ടതെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ആദ്യം പരാതി നൽകിയ ധർമ്മരാജനും ഡ്രൈവറും കൂടുതൽ പണമുണ്ടായിരുന്നതായി പിന്നീട് മൊഴി നൽകിയിരുന്നു. കാറിൽ 3.5 കോടി രൂപയുണ്ടെന്ന അനുമാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഇതുവരെ 1.25 കോടി രൂപ കണ്ടെത്തി. ബാക്കി തുകയും എവിടെയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ പ്രതികളിൽ ചിലർക്ക് ജയിലിൽ വച്ച് കൊവിഡ് ബാധിച്ചിരുന്നു. രോഗം സുഖപ്പെട്ട ശേഷം ഇവരുമായി തെളിവെടുപ്പു നടത്തി പണം കണ്ടെത്തും.
ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. കർത്തയ്ക്ക് കൊടുക്കാനായാണ് പണം ഏൽപിച്ചതെന്നാണ് പ്രതികൾ നൽകിയ വിവരം. ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.