മാള: ദുരന്ത നിവാരണ - മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കാലവർഷ കടൽക്ഷോഭ കെടുതികളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. യുദ്ധകാല അടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തോടുകളും നീർച്ചാലുകളും വൃത്തിയാക്കുന്നതിനും, നീരൊഴുക്കിന് തടസമായി നിൽക്കുന്ന അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുന്നതിനും, റോഡുകൾക്ക് സമീപം നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റുന്നതിനും, അപകടാവസ്ഥയിലുള്ള ബോർഡുകൾ നീക്കാനും തീരുമാനിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങമ്പോൾ കൊവിഡ് രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചു.

മാള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ജയ സുരേന്ദ്രൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, ജോയിന്റ് ബി.ഡി.ഒ സോജൻ എന്നിവർ സംസാരിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി രവി, പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാറുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.