തൃശൂർ: കോർപറേഷനിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. സ്വരാജ് റൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു. കോർപറേഷൻ ഓഫീസിൽ നിയോജക മണ്ഡലതല കൺട്രോൾ റൂം തുറക്കുന്നതിനും കോർപറേഷന് പുറത്തുള്ള തോടുകൾ വൃത്തിയാക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാൻ കളക്ടറോട് ആവശ്യപ്പെടാനും തീരുമാനമായി.
അപകടത്തിനിടയാക്കുന്ന മരച്ചില്ലകൾ മുറിക്കും. ഡിവിഷൻതല ജാഗ്രതാസമിതികൾ സജീവമാക്കും. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിന് സ്ഥലങ്ങൾ കണ്ടെത്തി കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം സജ്ജമാക്കുന്നതിനും പുഴകളിലെ ജലനിരപ്പ് സമയാസമയങ്ങളിൽ പരിശോധിച്ച് ആവശ്യമെങ്കിൽ ഷട്ടറുകൾ ഉയർത്തുന്നതിന് കളക്ടറോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. എല്ലാവിധ പ്രകൃതി ദുരന്തങ്ങളും നേരിടാൻ കോർപറേഷൻ സജ്ജമായെന്ന് മേയർ എം.കെ. വർഗീസ് എം.എൽ.എ പി. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി, ജോൺ ഡാനിയേൽ, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് പി.വി. ബേബി, തഹസിൽദാർ സന്ദീപ് എം, ഫയർ സ്റ്റേഷൻ ഓഫീസർ വിജയകൃഷ്ണൻ കെ.യു, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.ബി. ഷാജികുമാർ, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തുടങ്ങിയവർ പങ്കെടുത്തു.
................
മുന്നൊരുക്കങ്ങൾ ഇങ്ങനെ
55 ഡിവിഷനിലും 174 പദ്ധതികളിലായി 2,53,000,00 രൂപ ചെലവ് ചെയ്ത് തോടുകളുടെ ആഴം കൂട്ടൽ നടന്നുവരികയാണ്. അഴുക്ക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും നീക്കം ചെയ്ത് ജലത്തിന്റെ ഒഴുക്ക് യഥാസ്ഥിതിയാക്കുക, ചെറിയ തോടുകൾ, ഓടകൾ, ചാലുകൾ പൂർണ്ണമായും ക്ലീൻ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളുടെ 60 ശതമാനത്തിന് മുകളിൽ പൂർത്തീകരിച്ചു. 55 ഡിവിഷനിലും 10 പേർ അടങ്ങുന്ന സമൂഹ പ്രതിബന്ധതയുള്ള 18നും 45നും ഇടയിൽ പ്രായം വരുന്ന യുവജനങ്ങളുടെ ക്ലീൻ ആർമി ഫോഴ്‌സും സജ്ജമാക്കി. ക്ലീൻ ആർമി പ്രവർത്തകരുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ലൈഫ് ബോട്ട്, ലൈഫ് ജാക്കറ്റ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. മഴക്കാല രോഗങ്ങൾ തടയുന്നതിനായി ഡിവിഷനുകളിൽ അണുനശീകരണം, ഫോഗിംഗ്, പൊതുജനങ്ങൾക്കുള്ള ബോധവത്കരണം എന്നിവയും പൂർത്തീകരിച്ചു.