മാള: അതീജീവനത്തിന്റെ പാതയിൽ മാതൃകാ പ്രവർത്തനം നടത്തി മാള പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക്ക്. മാള പഞ്ചായത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് പ്രതിരോധ ഹെൽപ്പ് ഡെസ്‌കിലേക്കാണ് മാള സൊക്കോർസോ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സായൂജ വിളിച്ചത്.

ഒരു സ്മാർട്ട് ഫോൺ കിട്ടുമോ എന്ന് ചോദിച്ചുള്ള വിളിയായിരുന്നു. കൃത്യമായി വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ കൈയിലുണ്ടായിരുന്ന സ്മാർട്ട് ഫോൺ കേടായത് മൂലം ഓൺലൈൻ ക്ലാസ് നഷ്ടപ്പെടുന്നതിന്റെ വിഷമത്തിലായിരുന്നു. പുതിയത് വാങ്ങാൻ കഴിയാത്തതിനാൽ പഠനം മുടങ്ങുമെന്ന വിഷമം പങ്കുവെച്ച സായൂജയെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ തയ്യാറായി. ഇവിടത്തെ എം.എസ് അഭിജിത്തിന്റെ പ്ലസ്ടു വിദ്യാർത്ഥി കൂട്ടായ്മയാണ് ഫോൺ വാങ്ങാനുള്ള പണം നൽകിയത്.

തുടർന്ന് ഹെൽപ്പ് ഡെസ്‌കിന് നേതൃത്വം നൽകുന്ന സ്മിജേഷ് തങ്കപ്പൻ, ഹരികൃഷ്ണൻ, ബിജിത്ത് ബാബു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫോൺ കൈമാറുകയും ചെയ്തു. മാള പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെയും, പ്രാഥമിക സമ്പർക്കത്തിലുള്ളവരുടെയും മാനസിക സംഘർഷം ഒഴിവാക്കാനായി അതിജീവനം കൗൺസിലിംഗ് വിംഗ് പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിനും 20 വാർഡിലെ ആർ.ആർ.ടി പ്രവർത്തകരെ ഏകോപിപ്പിക്കുന്നതും ഈ ഹെൽപ്പ് ഡെസ്‌കാണ്.