ചാലക്കുടി: കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങി സർക്കാർ വിദ്യാലയങ്ങളിലെ ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു. ചാലക്കുടിയിൽ ബി.ഡി. ദേവസി എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടുകൾ പ്രയോജനപ്പെടുത്തി വാങ്ങിയ ലക്ഷങ്ങൾ വിലവരുന്ന ബസുകളാണ് കഴിഞ്ഞ ഒരു വർഷമായി ഓട്ടം നിലച്ച് വെറുതെ കിടക്കുന്നത്. ചാലക്കുടിയിലെ ഗേൾസ് സ്‌കൂൾ, മോഡൽ ബോയ്‌സ് ബോയ്‌സ്, ചായ്പ്പൻകുഴി ഹൈസ്‌കൂൾ, നായരങ്ങാടി യു.പി, വെറ്റിലപ്പാറ സ്‌കൂൾ, കൊടകര എന്നിവിടങ്ങളിലെ ബസുകളാണ് നോക്കുകുത്തികളായത്.

കഴിഞ്ഞ ലോക്ക് ഡൗണിൽ മോട്ടോർ വാഹന വകുപ്പിന് ജി.ഫോം കൊടുത്ത് ടാക്‌സുകളിൽ നിന്നെല്ലാം ഒഴിവാക്കിയിട്ടിരിക്കുന്ന ഇവയുടെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല. ഓടാതെ കിടക്കുന്ന വാഹനങ്ങൾ സ്വാഭാവികമായും തുരുമ്പെടുക്കും. പല വിദ്യാലയങ്ങളിലും മഴയത്തുമാണ് ഇവയുടെ കിടപ്പ്. പഞ്ചായത്തുകളിൽ കൊവിഡ് പ്രതിരോധത്തിന് വാഹനമില്ലാതെ നട്ടം തിരിയുമ്പോഴാണ് സർക്കാർ ലക്ഷങ്ങൾ മുടക്കി വാങ്ങിയ മിനി ബസുകൾ ഉപയോഗമില്ലാതെ നശിക്കുന്നത്. ഇതിനിടെ ചില പഞ്ചായത്തുകൾ കൊവിഡ് ആവശ്യത്തിന് ബസുകൾ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് ചെവികൊണ്ടില്ല. നിലവിൽ വാഹനങ്ങളുടെ ഇന്ധന ചെലവ് സ്‌കൂളുകൾക്ക് ബാധ്യതയായും മാറിയിരുന്നു. ഏതാനും വർഷം മുമ്പുവരെ പ്രസ്തുത ഇനത്തിൽ ഫണ്ട് നൽകിയത് തദ്ദേശ സ്ഥാപനങ്ങളായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റ ആസ്തിയായി കണക്കാക്കുന്ന വാഹനങ്ങളുടെ നടത്തിപ്പ് ചെലവ് നൽകുന്ന പ്രാദേശിക ഭരണകൂടത്തിന്റെ കണക്കുകളിൽ വിദ്യാഭ്യാസ വകുപ്പ് ഓഡിറ്റിങ്ങിൽ വിയോജിപ്പ് പ്രകടപ്പിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർമാരുടെ ശമ്പളം അടങ്ങുന്ന വാഹനത്തിന്റെ മറ്റെല്ലാ ചെലവുകളും സ്‌കൂളിന്റെ തലയിലുമായി. പല സ്‌കൂളുകളും വാഹനം ഉപേക്ഷിക്കുന്ന കാര്യവും ആലോചിച്ചു തുടങ്ങി.

സർക്കാർ വിദ്യാലയങ്ങൾ നവീകരിക്കുകയും പഠനം ഹൈടെക്ക് ആക്കുകയും ചെയ്തപ്പോൾ വാഹന സൗകര്യം അനിവാര്യമാണ്. എന്നാൽ വകുപ്പുകളുടെ ഏകോപമില്ലായ്മയാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. രണ്ടു വാഹനമുള്ള ചാലക്കുടി ഗവ.ഗേൾസ് സ്‌കൂളിന്റെ സ്ഥിതി ദയനീയമാണ്. കലാഭവൻ മണി വർഷങ്ങൾക്ക് മുമ്പ് സംഭാവന നൽകിയ മിനി ബസും ഇവിടെ ബാധ്യതയായി.

......................................................

സ്കൂൾ ബസുകൾ നശിക്കാൻ വിടരുത്

തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങൾ വിലവരുന്ന ബസുകൾ

പല സ്കൂളുകളിലും ബസുകൾ മഴയത്ത്

കൊവിഡ് പ്രതിരോധത്തിന് വാഹനമില്ലാതെ നട്ടം തിരിയുമ്പോഴാണ് ബസുകൾ ഉപയോഗമില്ലാതെ കിടക്കുന്നത് എന്ന് ആക്ഷേപം

തദ്ദേശ സ്ഥാപനങ്ങളുടെ സഹായമില്ലാതായപ്പോൾ ബസുകളുടെ നടത്തിപ്പ് ചെലവ് സ്കൂളുകൾക്ക് ബാധ്യതയായി

വകുപ്പുകളുടെ ഏകോപമില്ലായ്മ പ്രതിസന്ധിക്ക് ഇടയാക്കും