ചാലക്കുടി: നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 89 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. 204 ആളുകൾ രോഗമുക്തരുമായി. മേലൂർ പഞ്ചായത്തിലും ചാലക്കുടി നഗരസഭയിലും 18 പേർക്ക് വീതം രോഗം കണ്ടെത്തി. കോടശേരിയിൽ 13 പുതിയ വൈറസ് ബാധിതരുണ്ട്. കൊടകര, അതിരപ്പിള്ളി 9 വീതം, കൊരട്ടി 8 വീതം, പരിയാരം 6 എന്നീ ക്രമത്തിലാണ് മറ്റിടങ്ങളിലെ കണക്കുകൾ. മലക്കപ്പാറ അടിച്ചിൽത്തൊട്ടി ആദിവാസി കോളനിയിൽ 75 പേരെ ആന്റിജൻ പരിശോധന നടത്തിയതിൽ രണ്ടു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ എറണാകുളം ജില്ലയിലെ മുക്കുംപുഴ കോളനിയിൽ ബന്ധുക്കളുടെ വിവാഹ ചടങ്ങിൽ സംബന്ധിച്ചിരുന്നു. അവിടെ നിന്നുമാണ് രോഗ ബാധയുണ്ടായതെന്ന് വ്യക്തമായി. ഇതിനിടെ മലക്കപ്പാറയിൽ വൈറസ് ബാധിതരുടെ എണ്ണം നൂറു കവിഞ്ഞതിനാൽ പ്രതിരോധം കർക്കശമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് നടപടി.