തൃശൂർ: ജില്ലയിലെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കിയ ട്രിപ്പിൾ ലോക്ക്ഡൗൺ ഫലം കാണുന്നു. ഒരവസരത്തിൽ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 34 ശതമാനത്തോളം എത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം ഒരു മാസം പൂർത്തിയാക്കാനിരിക്കെ ടി.പി.ആർ നിരക്ക് കുറഞ്ഞു തുടങ്ങിയത് ആശ്വാസം നൽകുന്നുണ്ട്. ഇന്നലെ 18.8 ലെത്തിയിട്ടുണ്ട് നിരക്ക്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും കുറക്കാൻ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. ദിനം പ്രതി പതിനായിരത്തോളം പേരെ എങ്കിലും പരിശോധിക്കണം എന്ന നിർദേശം ആണ് ഉള്ളത്. എന്നാൽ അതിനേക്കാൾ രണ്ടായിരത്തിലധികം പരിശോധന നടത്തുന്നുണ്ട്. ഈ മാസം ആദ്യം നാലായിരത്തിന് മുകളിൽ രോഗികൾ എത്തിയത് ഇപ്പോൾ രണ്ടായിരത്തിനു താഴെ എത്തിക്കാനും സാധിച്ചു. കഴിഞ്ഞ ദിവസം ആണ് ട്രിപ്പിൾ ലോക്ക്ഡൗൺ മാറ്റിയത്. എന്നാൽ അതിനു സമാനമായ നിയന്ത്രണം തന്നെ ആണ് ഭൂരിഭാഗം പഞ്ചായത്തുകളിലും നിലവിൽ ഉള്ളത്. പലചരക്ക്, പച്ചക്കറി കടകൾ വരെ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് തുറക്കുന്നത്. അതേ സമയം, മരണം കൂടുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മേയ് മാസത്തിൽ മാത്രം ജില്ലയിൽ ആയിരത്തോളം പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ 350 പേരുടെ കണക്ക് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ തന്നെയാണ് ഏറ്റവും കൂടുതൽ മരണം നടക്കുന്നത്.