തൃശൂർ: കൊടകരയിൽ വച്ചു തട്ടിയെടുക്കപ്പെട്ട പണം ബി.ജെ.പിയുടേതല്ലെന്നും പണം കൊടുത്തുവിട്ട പരാതിക്കാരനായ ധർമ്മരാജനെ ഫോണിൽ വിളിച്ചത് സംഘടനാപരമായ ആവശ്യങ്ങൾക്കാണെന്നും ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ മൊഴി നൽകി.
കൊടകര കുഴൽപ്പണത്തട്ടിപ്പ് കേസിൽ തൃശൂർ പൊലീസ് ക്ലബ്ബിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഗണേശന്റെ വെളിപ്പെടുത്തൽ. ബി.ജെ.പിക്കായി പണം കൊണ്ടുവരാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അന്വേഷണ സംഘം മൂന്നു മണിക്കൂർ ഗണേശനെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ച ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷ് ഇന്ന് ഹാജരാകും. വ്യാഴാഴ്ച മൊഴി നൽകിയ ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയെ തൃശൂരിലെത്തിച്ച് മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയാണെന്ന് ധർമരാജ് അന്വേഷണസംഘത്തിന് മൊഴി നൽകി. തൃശൂർ ഓഫീസ് സെക്രട്ടറിയും ജില്ലാ നേതാവുമായ സതീശനെതിരെയാണ് ധർമ്മരാജിന്റെ മൊഴി. രണ്ട് മുറികൾ എടുത്തിരുന്നതായി അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു. സതീശന്റെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കുഴൽപ്പണകേസ്:
ജാമ്യാപേക്ഷ തള്ളി
തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ഒന്നാംപ്രതി കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് അലി (35), മൂന്നാംപ്രതി വെള്ളിക്കുളങ്ങര സ്വദേശി രഞ്ജിത്ത് (40), നാലാംപ്രതി വെള്ളിക്കുളങ്ങര സ്വദേശി ദീപക് (ശങ്കരൻ-34), 11ാം പ്രതി വെള്ളാങ്കല്ലൂർ ഷുക്കൂർ (24), 14ാം പ്രതി കണ്ണൂർ ഇരിട്ടി സ്വദേശി റഹീം (35) എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളിയത്. കേസിന് അന്തർ സംസ്ഥാന മാഫിയാ ബന്ധം ഉണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുന്നതിനും, ഭീഷണിപ്പെടുത്തുന്നതിനും പ്രതികൾ ഒളിവിൽ പോകുന്നതിനും സാദ്ധ്യതയുണ്ടെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി ബാബു വാദിച്ചു.
2021 ഏപ്രിൽ 3 ന് പുലർച്ചെ നാലരയ്ക്ക് കൊടകര മേൽപ്പാലത്തിന് സമീപമായിരുന്നു
കാർ തട്ടിയെടുത്ത് പണം കവർന്നത്.ബി.ജെ.പിയുടെ തിരഞ്ഞെടുപ്പാവശ്യത്തിന് കൊണ്ടുവന്ന പണമാണ് തട്ടിയെടുത്തതെന്ന ആരോപണം വിവാദമായിരുന്നു.
ക്വട്ടേഷൻ സംഘത്തിന്
10 മുതൽ 25 ലക്ഷംവരെ
കൊടകരയിൽ വച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്ന സംഘത്തിലെ ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് 10 മുതൽ 25 ലക്ഷം വരെ കിട്ടിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇങ്ങനെ ലഭിച്ച പണം ഉപയോഗിച്ച് വാങ്ങിയ അഞ്ചു ലക്ഷം രൂപയുടെ സ്വർണം മാർട്ടിനെന്ന പ്രതിയുടെ അമ്മ ഇന്നലെ അന്വേഷണ സംഘത്തിന് കൈമാറി.
കവർച്ച ആസൂത്രണം ചെയ്തവർ 25 ലക്ഷം വരെ പ്രതിഫലമായി എടുത്തിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഉൾപ്പെടെ താമസിച്ചതിന്റെ തെളിവും ലഭിച്ചു. കേസിൽ 19 പേരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഒന്നേകാൽ കോടിയിലേറെ രൂപ വിവിധ പ്രതികളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പണം കർണാടകയിൽ നിന്ന് കൊണ്ടുവന്നതാണെന്നും കണ്ടെത്തിയിരുന്നു.
കൊടകര കുഴൽപ്പണ കേസ്: തട്ടിയെടുത്ത പണം
കൊണ്ട് വാങ്ങിയ സ്വർണം ഹാജരാക്കി
തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കൊണ്ട് മുഖ്യപ്രതി മാർട്ടിൻ വാങ്ങിയ അഞ്ച് ലക്ഷം രൂപയുടെ സ്വർണം അമ്മ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ വീട്ടിൽ നിന്ന് 9 ലക്ഷം പിടിച്ചെടുത്തിരുന്നു. തുടർന്ന് ഇയാളെ ജയിലിൽ ചെന്ന് ചോദ്യം ചെയ്തപ്പോഴാണ് സ്വർണ്ണം വാങ്ങിയ വിവരം പറഞ്ഞത്. വള, മാല, നെക്ളേസ്, മോതിരം തുടങ്ങി 110 ഗ്രാം സ്വർണ്ണമാണ് കൊണ്ടുവന്നത്.