കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചു പൂട്ടിയ അഴീക്കോട് ഹാർബർ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാൻ ആലോചന. കഴിഞ്ഞ മൂന്നിനാണ് ഹാർബർ അടച്ചത്.
എറിയാട് പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പഞ്ചായത്ത് മുഴുവൻ കണ്ടെയ്‌ൻമെന്റ് സോണിൽ വരുകയും തുടർന്ന് ഹാർബർ അടച്ചിടുകയുമായിരുന്നു. ഇതോടെ മത്സ്യമേഖലയിൽ പണിയെടുത്തിരുന്ന ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ ഇല്ലാതായി. രോഗികളുടെ എണ്ണം കുറഞ്ഞതും ഹാർബർ ഇരിക്കുന്ന വാർഡിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുമായ സാഹചര്യത്തിലാണ് ഹാർബർ തുറക്കാൻ ശ്രമം ആരംഭിച്ചത്.
സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള മൽസ്യതൊഴിലാളി യൂണിയൻ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാജനും ടൈസൻ മാസ്റ്റർ എം.എൽ.എയ്ക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഫിഷറിസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ ഹാർബർ തുറക്കാനുള്ള സംവിധാനമൊരുക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
കോസ്റ്റൽ പൊലീസിന്റെ എയ്‌ഡ് പോസ്റ്റ് ഹാർബറിൽ ആരംഭിച്ചിട്ടുള്ളതിനാൽ സാമൂഹിക അകലം പാലിച്ചും തിരക്കൊഴിവാക്കിയും ഹാർബർ പ്രവർത്തിപ്പിക്കാനുള്ള അവസരം വേഗത്തിലാക്കണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ അഴീക്കോട് എറിയാട് വില്ലേജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി.കെ ബക്കർ അദ്ധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി ഷാജി, അഷറഫ് പൂവത്തിങ്കൽ എന്നിവർ പങ്കെടുത്തു.