വടക്കാഞ്ചേരി: നൂറ്റാണ്ടുകൾ പഴക്കമുള്ള ഭീമൻ ആൽമരത്തിന്റെ ശിഖരം പൊട്ടിവീണത് പരിഭ്രാന്തി പരത്തി. കരുമരക്കാട് ശിവക്ഷേത്രത്തിന്റെ മുന്നിലെ 700 ഓളം വർഷം പഴക്കമുള്ള മരത്തിന്റെ ഭീമൻ ശിഖരമാണ് ക്ഷേത്രമതിൽ തകർത്ത് നിലംപൊത്തിയത്.
പ്രദേശത്തെ വൈദ്യുത കമ്പികളും പൊട്ടിവീണു. വൈദ്യുതി ബന്ധവും തകരാറിലായി. ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരിസരത്ത് ജനസാന്നിദ്ധ്യമില്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പഴക്കം മൂലം മരം ദ്രവിച്ചു തുടങ്ങിയതാണ് അപകടത്തിന് വഴിവച്ചതെന്ന് സ്ഥലത്തെത്തിയ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹിയായ പി.എൻ. ഗോഗകുലൻ പറഞ്ഞു.
വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ മരക്കൊമ്പ് വെട്ടിമാറ്റി. കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. ലോക് ഡൗണിനു മുൻപ് നിരവധി വഴിയാത്രക്കാർ തണൽ തേടിയെത്താറുള്ള വിശ്രമ കേന്ദ്രം കൂടിയാണ് ഇവിടം.