പാവറട്ടി: പരപ്പുഴയ്ക്ക് കുറുകെ ഒരു പാലം നിർമ്മിക്കണമെന്ന് തീരുമാനിച്ച ഭൂതഗണങ്ങളെ പരപ്പുഴ കാളി പിന്തിരിപ്പിച്ചതിന്റെ സ്മൃതിയുണർത്തുന്ന നെട്ടന്റെ കുറിയാഘോഷം ഇക്കുറി ചടങ്ങുകളിലൊതുങ്ങും. ഇടവപ്പാതി ദിനത്തിലാണ് എല്ലാ വർഷവും ഉത്സവം നടക്കാറ്.

കാളിക്ക് വിളക്ക് വച്ച് യാത്രക്കാരെ എന്നും തോണിയിലേറ്റി പോകുന്ന കോക്കൂർ പണിക്കർക്ക് തൊഴിലില്ലാതാകുമെന്ന് ശങ്കിച്ചാണ് കാളി പാലം നിർമ്മാണം മുടക്കിയതത്രെ. ഭൂതഗണങ്ങൾ പാലത്തിനായി നിക്ഷേപിച്ച കല്ലിനെ പിന്നീട് മഴയില്ലാതായപ്പോൾ നെട്ടനായി ആരാധിച്ചു. അന്നു മുതൽ ഇടവപാതി ദിവസം മഴ കിട്ടാതെ വന്നിട്ടില്ലെന്നാണ് വിശ്വാസം.

ഇക്കുറി നെട്ടന്റെ കുറി നടക്കുമ്പോൾ പരപ്പുഴ പാലം പൊളിച്ചു മാറ്റിയിരിക്കുകയാണെന്ന പ്രത്യേകത കൂടിയുണ്ട്. കാളി ക്ഷേത്രത്തിന് മുൻപിലുള്ള പരപ്പുഴ പാലവും

സമാന്തര റോഡും പൊളിച്ചിരിക്കെ ഗതാഗത സൗകര്യമില്ലാത്തതിനാൽ തോണിയാത്ര വേണ്ടിവരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

പടം : പെരുവല്ലൂർ പരപ്പുഴ കാളീ ക്ഷേത്രത്തിൽ നെട്ടന്റെ പ്രതീകമായി പൂജിക്കുന്ന കല്ല്.