കയ്പമംഗലം: മൂന്നുപീടികയിൽ മോഷണശ്രമം. എ.പി.ജെ അബ്ദുൾ കലാം റോഡിൽ എടശേരി സുധിൽദാസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. കിടപ്പുമുറിയുടെ ജനൽ കുത്തി തുറക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നത്.

തുടർന്ന് ലൈറ്റ് ഇട്ട് നോക്കിയപ്പോൾ വീടിന്റെ മുൻവശത്ത് മോഷ്ടാവ് പതുങ്ങി നിൽക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ലൈറ്റിട്ടതോടെ മോഷ്ടാവ് പിറകുവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. പാന്റും, ടീ ഷർട്ടും ധരിച്ച ഏകദേശം 40 വയസ് തോന്നിക്കുന്നയാളെയാണ് കണ്ടെതെന്ന് വീട്ടുകാർ പറയുന്നു.

പത്ത് മിനിറ്റിന് ശേഷം വീട്ടിന്റെ മുൻ വശത്തെ റോഡിലൂടെ ഒരു ബൈക്കും, ഓട്ടോറിക്ഷയും വേഗത്തിൽ പോകുന്നത് കണ്ടതായും വീട്ടുകാർ പറഞ്ഞു. പരാതിയെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം ശ്രീനാരായണപുരത്തും മോഷണ ശ്രമം നടന്നിരുന്നു.