ചാലക്കുടി: അഞ്ച് ദശാബ്ദങ്ങളുടെ കാത്തിരിപ്പിനു ശേഷം മൈലാടുംപാറയിലെ എൻ.സി കോളനിയിലേക്ക് വൈദ്യുതി എത്തുന്നു. ഇതുസംബന്ധിച്ച് വൈദ്യുതി ബോർഡിന്റെ ഉത്തരവ് ലഭിച്ചു. 2020 ഫെബ്രുവരിയിൽ അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അദാലത്തിലെ ശുപാർശ പ്രകാരമാണ് വൈദുതി വൈകുപ്പിന്റെ തീരുമാനം.

മൈലാടുംപാറയിൽ നിന്നും ആറര കിലോമീറ്റർ എച്ച് ലൈൻ വലിച്ചും ട്രാൻസ്‌ഫോർമറും സ്ഥാപിച്ചും വേണം തോട്ടം തൊഴിലാളികളായ 18 കുടുംബങ്ങൾക്കായി എൻ.സി കോളിയിലേക്ക് വൈദ്യുതി എത്തിക്കാൻ. പ്രവൃത്തിക്ക് 24 ലക്ഷം രൂപ ചെലവ് വരും. മുൻ എം.എൽ.എ ബി.ഡി. ദേവസി ദേവസിയുടെ വർഷങ്ങളായുള്ള ശ്രമഫലമാണ് ഇപ്പോൾ ലക്ഷ്യം കാണുന്നത്.

എൻ.സി കോളിനിയിലെ ദൗത്യം പൂർത്തീകരിച്ചാൽ വെട്ടിവിട്ടകാട് ആദിവാസി കോളനിയിലേക്കും വൈദ്യുതി എത്തിക്കുന്നതിന് എളുപ്പമാകും. 1993ൽ വൈദ്യുതി ബോർഡും ടാറ്റാ കമ്പനിയും ചേർന്ന് ഇതു സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയും നിർമ്മാണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി പൂർത്തീരിക്കാനായില്ല.

പിന്നീട് വൈദ്യുതി കമ്പികളെല്ലാം കാണാതായിരുന്നു. ഇതു സംബന്ധിച്ച് വൈദ്യുതി ബോർഡ്, ടാറ്റാ കമ്പനിക്കെതിരെ നൽകിയ നഷ്ടപരിഹാര കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. എൻ.സി കോളനിയിൽ വൈദ്യുതി എത്തിക്കഴിഞ്ഞാൽ രണ്ടര കിലോ മീറ്റർ അകലെയുള്ള വെട്ടിവിട്ടക്കാട് ആദിവാസി കോളനിയിലേക്കും നേട്ടമാകും. അണ്ടർ കേബിൾ മുഖേന നിബിഡ വനത്തിലൂടെ വൈദ്യുതി എത്തിക്കുന്നതിന് 84 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.

തമിഴ്‌നാട് കൂടി മാത്രമാണ് വെട്ടിവിട്ടകാട് കോളനിയിലേക്ക് നടപ്പാതയുള്ളത്. വി.എസ്. സർക്കാരിന്റെ ഭരണകാലത്ത് സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിച്ചപ്പോൾ വെട്ടിവിട്ടകാട് മുതുവർ കോളനിയിലെ 13 കുടുംബങ്ങളിൽ സോളാർ വൈദ്യുതിയാണ് നൽകിയത്.