plastic

തൃശൂർ: ജില്ലയിൽ നി​രോധി​ത പ്ളാസ്റ്റി​ക് ബാഗുകൾ വീണ്ടും സജീവമാകുന്നു. കൊവി​ഡ് സാഹചര്യത്തി​ൽ പരി​ശോധനകൾ കുറഞ്ഞതാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വ്യാപനത്തിന് വഴി​യൊരുക്കി​യത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വളരെ ഫലപ്രദമായി നടപ്പിലാക്കി വരുന്നതിനിടയിലാണ് കൊവിഡ് രൂക്ഷമായത്. അതോടെ വഴി​യോരകച്ചവടക്കാരും മറ്റു കടക്കാരും ഇത്തരം പ്ളാസ്റ്റി​ക് ബാഗുകൾ ഇഷ്ടംപോലെ ഉപയോഗി​ക്കുന്ന സ്ഥി​തി​യി​ലായി​. മൈക്രോൺ വ്യത്യാസമില്ലാതെയാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പരിസ്ഥിതി മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. കടകളിൽ ഇവ ഉപയോഗിക്കുന്ന കണ്ടാൽ പിഴ ചുമത്താനായിരുന്നു ഉത്തരവ്. മൂന്ന് തവണയിൽ കൂടുതൽ ആവർത്തിച്ചാൽ സ്ഥാപനം അടച്ചൂപൂട്ടും. കഴിഞ്ഞ ജനുവരി 1ന് നിരോധനം പ്രാബല്യത്തിൽ വന്നപ്പോൾ തുണി സഞ്ചികളും പേപ്പർ ബാഗുകളുമെല്ലാം കടകളിൽ ഇടം പിടിച്ചിരുന്നതാണ്. ശിക്ഷാനടപടിയില്ലാതായതോടെ ഇവ കടകളിൽ നിന്നു നീങ്ങി. പകരം നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ വീണ്ടും ഇടം പിടിച്ചു.

എത്തുന്നത് അതിർത്തി കടന്ന്

സംയുക്ത പരിശോധനകളും വകുപ്പുതല പരിശോധനകളും ശക്തമായതോടെ നിരോധിത പ്ലാസ്റ്റിക് ഒരു പരിധി വരെ അപ്രത്യക്ഷമാവുകയും തുണിസഞ്ചികൾ പകരം എത്തുകയും ചെയ്തു. പക്ഷേ ഇപ്പോൾ സ്ഥിതി വീണ്ടും പഴയ പടിയായിരിക്കുകയാണ്. അതിർത്തി കടന്നാണ് നിരോധിത ക്യാരിബാഗുകൾ കൂടുതലും എത്തുന്നത്. വ്യാപാരികൾ ഇല്ലെന്നു പറഞ്ഞാലും പ്ലാസ്റ്റിക് ക്യാരിബാഗ് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഉപഭോക്താക്കളുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പ്ലാസ്റ്റിക് നിരോധനം വന്നതോടെ ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ പേപ്പർ ക്യാരി ബാഗുകളും തുണി സഞ്ചികളും തയ്ച്ചു നൽകുന്നുണ്ട്. സപ്ലൈകോ ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് ഇവരായിരുന്നു സഞ്ചികൾ നൽകുന്നത്. എത്ര സഞ്ചി വേണമെങ്കിലും തയ്ച്ചു നൽകാനുള്ള ശേഷി കുടുംബശ്രീക്ക് ഉണ്ടെങ്കിലും ഇപ്പോൾ ആവശ്യക്കാർ കുറവാണെന്ന് അധികൃതർ പറയുന്നു. ലോക്ക്ഡൗൺ കാലത്ത് പാഴ്സൽ സർവീസിന് ഹോട്ടലുകളിലും ബേക്കറികളിലും തിരക്കേറിയതോടെ മിക്ക കടകളിലും ഭക്ഷണ സാധനങ്ങൾ പാഴ്‌സലാക്കുന്നത് ദോഷകരമായ പ്ലാസ്റ്റിക്കിലാണെന്ന് ആക്ഷേപമുണ്ട്. തട്ടുകടകളാണ് ഇതിൽ മുന്നിൽ. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി പ്ലേറ്റിൽ ബട്ടർ പേപ്പർ വിരിക്കുന്നതും ചൂടേറിയ വിഭവങ്ങൾ അതേപടി പ്ലാസ്റ്റിക് കവറിലാക്കുന്നതും പതിവാണ്. ചുരുക്കം ഹോട്ടലുകൾ മാത്രമാണ് അലുമിനിയം ഫോയിലും മറ്റും ഉപയോഗിക്കുന്നത്. ചെറുകിട കച്ചവടക്കാർ കൂടുതലും നിരോധിത പ്ലാസ്റ്റിക്കുകളാണ് ഉപയോഗിക്കുന്നത്.