മാള: കൊവിഡ് പ്രതിരോധ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിലായി. മാളയിലെ സിറ്റി മെഡിക്കൽ ഷോപ്പിൽ പൊലീസ് മഫ്‌ടിയിലെത്തി ഫേസ് ഷീൽഡ് വാങ്ങിയപ്പോഴാണ് ഇരട്ടി വില ഈടാക്കുന്നതായി കണ്ടെത്തിയത്. സർക്കാർ 21 രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയ ഫേസ് ഷീൽഡിന് 50 രൂപയാണ് വാങ്ങിയത്. മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരനായ ഷിഫാസിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. മാള മേഖലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.