കൊടുങ്ങല്ലൂർ: ലോക്‌ഡൗൺ നീളുന്ന പശ്ചാത്തലത്തിൽ അസംസ്കൃത വസ്തുക്കൾക്കുണ്ടാകുന്ന ക്ഷാമവും വിലക്കയറ്റവും നിർമ്മാണമേഖലയെ കൂടുതൽ പിന്നോട്ടുവലിക്കുന്നു. ഇടയ്ക്കിടെ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിപ്പിക്കുന്ന കുത്തക കമ്പനികളുടെ തെറ്റായ നിലപാടിനെതിരെ ലൈസൻസ്‌ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ എല്ലാ നിർമ്മാണ സൈറ്റുകളിലെയും പണികൾ നിറുത്തിവച്ച് കരിദിനമാചരിച്ചു.
ഓൺലൈൻ വഴിയാണ് സമരം സംഘടിപ്പിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിർമ്മാണമേഖല പൂർണമായും സ്തംഭിക്കുമെന്ന് ലെൻസ് ഫെഡ് നേതാക്കൾ ചൂണ്ടിക്കാട്ടി. പി.വി.സി പൈപ്പുകളുടെ വില 125 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ട്. ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വിലക്കയറ്റത്തിനൊപ്പം ക്ഷാമവും നേരിടുകയാണ്. ഇലക്ട്രിക്കൽ, പ്ലമ്പിംഗ് വസ്തുക്കൾക്കും ഭീമമായ വില വർദ്ധനയാണ്. സ്റ്റീൽ, സിമന്റ് എന്നിവയുടെ വില 40 ശതമാനം വർദ്ധിച്ചു. നിർമ്മാണ സാമഗ്രികളുടെ വില പിടിച്ചു നിറുത്താൻ സർക്കാരുകൾ സംയുക്ത ഇടപെടൽ നടത്തണമെന്ന് ലെൻസ് ഫെഡ് ആവശ്യപ്പെട്ടു.
തളർന്നു കിടക്കുന്ന നിർമ്മാണമേഖല വീണ്ടും അനക്കം വച്ച് തുടങ്ങിയപ്പോഴാണ് കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടായത്. നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവ് മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഒ.വി ജയചന്ദ്രൻ
ലെൻസ് ഫെഡ് ജില്ലാ പ്രസിഡന്റ്