കൊടുങ്ങല്ലൂർ: സി.പി.ഐ നേതാവും മുൻ കൃഷി മന്ത്രിയുമായിരുന്ന വി.കെ രാജന്റെ ഇരുപത്തിനാലാം ചരമ വാർഷിക ദിനം സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ പുല്ലൂറ്റുള്ള വസതിയിലെ സ്മൃതി മണ്ഡപത്തിൽ റവന്യൂ മന്ത്രി കെ. രാജൻ, എം.എൽ.എമാരായ വി.ആർ സുനിൽ കുമാർ, ഇ.ടി ടൈസൻ മാസ്റ്റർ, സി.സി മുകുന്ദൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ജി ശിവാനന്ദൻ, കെ.വി വസന്തകുമാർ, ടി.കെ സുധീഷ്, മണ്ഡലം സെക്രട്ടറി പി.പി സുഭാഷ്, നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ടീച്ചർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
ഓൺലൈനായി നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ടിരുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ സധൈര്യം മന്നോട്ട് വന്നിരുന്ന പോരാളിയായിരുന്നു വി.കെ രാജനെന്ന് കാനം അനുസ്മരിച്ചു. കെ.വി വസന്തകുമാർ അദ്ധ്യക്ഷനായി. കെ.ജി ശിവാനന്ദൻ, വി.ആർ സുനിൽകുമാർ എം.എൽ.എ, പി.പി സുഭാഷ്, ടി.ആർ ജിതിൻ എന്നിവർ സംസാരിച്ചു.