ചാലക്കുടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നഗരസഭയിൽ സുതാര്യമായാണ് നടക്കുന്നതെന്ന് നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓക്‌സിജൻ പരിശോധന മെഷിൻ വാങ്ങി രാഷ്ട്രീയം നോക്കാതെയാണ് എല്ലാ വാർഡുകളിലും വിതരണം ചെയ്തത്. കൊവിഡ് പ്രവർത്തനങ്ങളിൽ ഇടപെട്ട് കൈയ്യിട്ട് വാരാൻ പറ്റാത്തതിനാലാണ് എൽ.ഡി.എഫ് ആരോപണവുമായി രംഗത്ത് എത്തിയതെന്നും ചെയർമാൻ കുറ്റപ്പെടുത്തി.

നഗരസഭാ പരിധിയിലെ കൊവിഡ് മരണം സംഭവിച്ച വീട്ടുകാർക്ക് ധനസഹായം നൽകുന്ന ഏക നഗരസഭയാണ് ചാലക്കുടിയിലേത്. ആർ.ആർ.ടി പ്രവർത്തകരെ നിയമിച്ചതിൽ രാഷ്ട്രീയമില്ല. എൽ.ഡി.എഫ് ഭരണ കാലത്ത് ഇക്കാര്യത്തിൽ രാഷ്ട്രീയം കാണിച്ചുവെന്നും ചെയർമാൻ ആരോപിച്ചു. നഗരസഭയുടെ പ്രതിരോധ പ്രവർത്തങ്ങളെ എൽ.ഡി.എഫ് വിമർശിക്കുമ്പോഴും ഇടതു കൗൺസിലർമാർ സാമൂഹ അടുക്കളയിലേതടക്കമുള്ള പ്രവർത്തനങ്ങളിൽ തങ്ങൾക്കൊപ്പം സജീവമായുണ്ടെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർമാൻ സിന്ധു ലോജു, കൗൺസിലർമാരായ ഷിബു വാലപ്പൻ, എബി ജോർജ്ജ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.