ചേലക്കര: നിശ്ചയിച്ചുറപ്പിച്ച വിവാഹം കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റി വച്ചപ്പോൾ പ്രതിശ്രുത വധു അമ്മായിഅമ്മക്ക് നൽകിയത് അമ്പത് പി.പി.ഇ കിറ്റുകൾ. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ പദ്മജയുടെ മകൻ ശ്യാമും ചേലക്കര മേപ്പാടം കൂരമ്പത്ത് രാധാകൃഷ്ണന്റെ മകൾ ടീനുവും തമ്മിലുള്ള വിവാഹം ജൂൺ ആറിന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
ശ്യാം സൗദി അറേബ്യയിലും ടീനു യു.കെയിലുമാണ് ജോലി ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തിൽ നാട്ടിലെത്തി നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടത്താനും ശേഷം തിരിച്ചു പോകുന്നതിനും തടസം നേരിട്ടപ്പോഴാണ് വിവാഹ തീയതി നീട്ടാൻ തീരുമാനിച്ചത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമാണ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വരന്റെ അമ്മ പദ്മജ. യു.കെയിൽ നഴ്‌സായ ടീനു കല്യാണ ചെലവിലേക്ക് മാറ്റി വച്ച തുകയിലെ ഒരുഭാഗം ആതുരസേവനത്തിനായി വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
ടിനു വാങ്ങി നൽകിയ പി.പി.ഇ കിറ്റ് ചേലക്കര ഡൊമിസിലറി കെയർ യൂണിറ്റിലേക്കായി നോഡൽ ഓഫീസർ ഡോ. അബ്ദുൾ ഷെരീഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ, മെമ്പർമാരായ എല്ലിശേരി വിശ്വനാഥൻ, ശ്രീവിദ്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അച്ഛൻ രാധാകൃഷ്ണൻ പത്മജയ്ക്ക് കൈമാറുകയായിരുന്നു.