നിർമ്മാണം സ്തംഭിച്ച മേച്ചിറ കനാൽപ്പാലം
ചാലക്കുടി: ദ്രുതഗതിയിൽ നടന്നുവന്ന മേച്ചിറ കനാൽപ്പാല നിർമ്മാണവും ലോക്ക് ഡൗണിൽ സ്തംഭിച്ചു. 3.44 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവർത്തനമാണ് മൂ്ന്നാഴ്ചയായി നിലച്ചത്. കമ്പികൾ ലഭിക്കാത്തതാണ് പ്രധാന തടസം. ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കാനാണ് കരാർ കമ്പനിയുടെ തീരുമാനം. പൊതുമരാമത്ത് വകുപ്പിന്റെ ബ്രിഡ്ജസ് ആൻഡ് റോഡ്‌സ് വിഭാഗമാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
മുൻ എം.എൽ.എ ബി.ഡി. ദേവസിയുടെ ശ്രമഫലമായി പ്രളയ പുനഃരുദ്ധാരണ ഫണ്ടിൽ നിന്നാണ് സർക്കാർ പാലം പുതുക്കി നിർമ്മിക്കുന്നതിന് തുക അനുവദിച്ചത്. ചാലക്കുടിപ്പുഴയിലെ തുമ്പൂർമുഴി വലതുകര പദ്ധതിയുടെ ഭാഗമായാണ് 60 വർഷം മുമ്പ് മേച്ചിറ പാലം നിർമ്മിച്ചത്. 2018 ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചു.