മാള: കൊവിഡിനെതിരെ കാവ്യ പ്രതിരോധവുമായി പൊയ്യ കളിയരങ്ങ് നാട്യകലാ അക്കാഡമി. അമെച്ച്വർ നാടക രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കളിയരങ്ങ് നാട്യകലാ അക്കാഡമി പഞ്ചായത്ത് പരിധിയിലെ കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തകരുടെ കവിതകളും, പാട്ടുകളും, ശബ്ദ സന്ദേശങ്ങളും കോർത്തിണക്കി വാഹന പ്രചാരണത്തിന് തുടക്കം കുറിച്ചു. കൂടാതെ പൊയ്യ കമ്പനിപ്പടി ജംഗ്ഷനിലുള്ള സാംസ്‌കാരിക നിലയത്തിൽ മൈക്ക് സെറ്റ് സ്ഥാപിച്ച് രാവിലെയും വൈകിട്ടും മുൻകരുതൽ പ്രതിരോധ സന്ദേശങ്ങളും, ഗാനങ്ങളും, കവിതകളും കേൾപ്പിക്കും. കളിയരങ്ങ് പ്രസിഡന്റ് സുബ്രഹ്മണ്യൻ തലാപ്പിള്ളി അദ്ധ്യക്ഷനായി.
പൊയ്യ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി ഫ്‌ളാഗ് ഒഫ് നിർവഹിച്ചു. സെക്രട്ടറി എൻ.ബി പ്രസാദ്, ജോയിന്റ് സെക്രട്ടറി ദിലീപ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അഭിലാഷ്, ട്രഷറർ സന്തോഷ് കലാ സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.