മാള: ജാതി - കവുങ്ങ് മരങ്ങളിൽ വ്യാപകമായ പുഴുക്കൾ വീടുകളിലേക്ക് കയറുന്നത് ആശങ്കയുണ്ടാക്കുന്നു. നിശാശലഭങ്ങളുടെ ഗണത്തിലുള്ള ഈ പുഴുക്കളിൽ ചിലത് വിളവ് നശിപ്പിക്കുന്നതാണ്. മറ്റ് ചിലത് പായലുകൾ ഭക്ഷിക്കുന്ന തരത്തിലുള്ള ശരീരം മുഴുവൻ രോമങ്ങളുള്ള ചൊറിയൻ പുഴുക്കളാണ്.
എറിബിഡെ ഇനത്തിലുള്ളതാണ് ഇത്. ഇവ ശരീരത്തിൽ തൊട്ടാൽ ഭൂരിഭാഗം പേരിലും ചൊറിച്ചിൽ ഉണ്ടാക്കും. വേനൽ മഴ ഉണ്ടായപ്പോൾ ജാതി മരങ്ങളിലും കവുങ്ങുകളിലും രൂപപ്പെട്ട പൂപ്പൽ ഭക്ഷിക്കാനാണ് ഇവയെത്തുന്നത്. കൂടാതെ പൂപ്പൽ ബാധിച്ച മതിലുകൾ അടക്കമുള്ള ഇടങ്ങളിലും കണ്ടുവരുന്നുണ്ട്. അനുകൂല സാഹചര്യത്തിൽ ഇവ മുട്ടയിട്ട് വിരിഞ്ഞ് പെരുകും. പുഴുക്കളുടെ സമാധി ഘട്ടത്തിൽ എത്തിയപ്പോഴാണ് നനവില്ലാത്ത ഇടങ്ങളിലേക്ക് നീങ്ങുന്നത്.
അതുകൊണ്ടാണ് വീടുകളുടെ വശങ്ങളിലൂടെ കയറി വരുന്നത്. ഇവിടെ വച്ച് സമാധിയായി ചിത്രശലഭങ്ങളായി മാറും. വേനൽ മഴ ലഭിക്കുന്ന അവസരങ്ങളിലാണ് ഇവ കണ്ടുവരുന്നതെന്നും തോട്ടങ്ങളിലേക്കുള്ള പ്രവേശനം കുറഞ്ഞതും പുഴുക്കൾക്ക് അനുകൂല സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇവ വിളകളെ നശിപ്പിക്കില്ലെന്നും വെള്ളാനിക്കര കാർഷിക കോളേജിലെ അഗ്രിക്കൾച്ചർ എന്റമോളജി വിഭാഗം പ്രൊഫസർ ഡോ. ഹസീന ഭാസ്‌കർ വ്യക്തമാക്കി. എറിബിഡെ ഇനത്തിലുള്ള ഇതിന്റെ മുട്ട കാലാവസ്ഥ അനുസരിച്ച് ശരാശരി അഞ്ച് ദിവസം കൊണ്ട് വിരിയും. തുടർന്ന് രണ്ട് മുതൽ മൂന്നാഴ്ച പുഴുവായി ജീവിക്കും. തുടർന്ന് സമാധിയായി അഞ്ച് മുതൽ ഏഴ് ദിവസം ഇരുന്നാണ് ശലഭമാകുക.
സമാധി ഘട്ടത്തിലേക്ക് ഇവയെത്തിയതായാണ് മനസിലാക്കുന്നത്. 5 മുതൽ പത്ത് മില്ലി വേപ്പെണ്ണയും ആറ് ഗ്രാം സോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുന്നത് ഉത്തമമാണ്. കൂടുതൽ ഉപദ്രവം ഉണ്ടാകുന്ന അവസരങ്ങളിൽ മാത്രം വേണമെങ്കിൽ കരാട്ടെ പോലുള്ള കീട നാശിനി മൂന്ന് മില്ലിയിൽ അഞ്ച് ലിറ്റർ വെള്ളം ചേർത്ത് തളിക്കാം.
ഡോ. ഗവാസ് രാഗേഷ്
അസി. പ്രൊഫസർ
കണ്ണാറ ബനാന റിസർച്ച് സ്റ്റേഷൻ.