തൃപ്രയാർ: നാട്ടിക പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ശ്രീരാമ പോളിടെക്‌നിക്കിന് പിറകിൽ താമസിക്കുന്ന ചാലക്കൽ ഫ്രാൻസിസിന്റെ മകൾ ആനിയ്ക്ക് സേവാഭാരതി വീടൊരുക്കുന്നു. എതാനും ദിവസങ്ങൾക്ക് മുമ്പാണ് ആനിയുടെ വീട് കനത്ത മഴയിലും കാറ്റിലും തകർന്ന് വീണത്. മേൽക്കൂരയും ചുമരുകളും പൂർണമായും തകർന്ന വീട് ഇപ്പോൾ മുളകൾ കൊണ്ടുള്ള ഊന്ന് കൊടുത്താണ് നിലനിറുത്തിയിട്ടുള്ളത്.
മഴ പെയ്താൽ വീടിനകം മുഴുവൻ വെള്ളമാണ്. കാര്യങ്ങൾ വീശദീകരിക്കുവാൻ പോലും കഴിയാത്ത നിസഹായാവസ്ഥയിലാണ് ആനി. സ്ഥലം സന്ദർശിച്ച വാർഡംഗം ഗ്രീഷ്മ സുഖിലേഷാണ് ആനിക്ക് വീട് നിർമ്മിച്ചുനൽകണമെന്ന ആഗ്രഹം പങ്കുവച്ചത്. ഇതേ തുടർന്ന് വീട് പുതുക്കി പണിത് നൽകാൻ സേവാഭാരതി രംഗത്ത് വന്നു. രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനം.
അടുത്ത മഴയ്ക്ക് മുമ്പ് വീട് നിർമ്മിച്ച് നൽകുമെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു. സേവാഭാരതി തൃപ്രയാർ യൂണിറ്റ് നടത്തുന്ന നവീകരണ പ്രവർത്തനത്തിന് ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റി ആദ്യ സാമ്പത്തിക സഹായം നൽകി. പ്രവർത്തകർ സ്ഥലത്തെത്തി ശ്രമദാനവും നടത്തി. ശ്രമദാനത്തിലൂടെ ദ്രവിച്ച ഭാഗങ്ങൾ പൊളിച്ചുമാറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി നൽകുന്ന ചെക്ക് മണ്ഡലം ജന. സെക്രട്ടറി എ.കെ ചന്ദ്രശേഖരൻ സേവാഭാരതി ജനറൽ സെക്രട്ടറി രമേഷ് റേയ്ക്ക് കൈമാറി.
നാലാം വാർഡ് കമ്മിറ്റി സമാഹരിച്ച തുക ഉല്ലാസ് വെള്ളാഞ്ചേരിയും സേവാഭാരതിയ്ക്ക് കൈമാറി. ദിനേഷ് വെള്ളാഞ്ചേരി, ഷാജി പുളിക്കൽ, ലാൽ ഊണുങ്ങൽ, കെ.എസ് സുധീർ, ഗ്രീഷ്മ സുഖിലേഷ്, സുരേഷ് ഇയ്യാനി, പി.വി സെന്തിൽകുമാർ, ഉമേഷ്, ചിചിൻ റാം, ഷൈബു പുളിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.