cow
മേലൂർ കലവറക്കടവിൽ ക്ഷീരോത്പ്പാദക സംഘം ഒരുക്കിയ തൊഴുത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പശുവിനെ കൈമാറുന്നു

ചാലക്കുടി: കൊവിഡ് പിടിപെട്ട് ദുരിതത്തിലാകുന്ന ക്ഷീര കർഷകരുടെ കറവ പശുക്കളെ സംരക്ഷിക്കുന്നതിന് താത്കാലിക സംവിധാനം ഒരുക്കി മേലൂർ ക്ഷീര സംഘം. പശുക്കളെ മറ്റൊരു തൊഴുത്തിലേക്ക് കൊണ്ടു പോയി തീറ്റിപ്പോറ്റുന്നതിനും യഥാസമയം കറവ നടത്തുന്നതിനും സൗകര്യം ഒരുക്കുന്ന മാതൃകാ പ്രവർത്തനത്തിനാണ് സംഘം തയ്യാറായിരിക്കുന്നത്.
ഒരുപക്ഷെ സംസ്ഥാനത്തു തന്നെ ആദ്യത്തേതാകുന്ന പ്രവർത്തനത്തിന്റെ തുടക്കം തികച്ചും യാദൃശ്ചികം. മേലൂർ കലവറക്കടവിലെ ഒരു ക്ഷീര കർഷകന്റെ വീട്ടിൽ വീട്ടമ്മയ്ക്ക് ആദ്യം കൊവിഡ് ബാധയുണ്ടായി. വിവരമറിഞ്ഞ ക്ഷീര സംഘം പ്രസിഡന്റ് വി.ഡി. തോമസ് പശുക്കളെ സംരക്ഷിക്കുന്നതിന് മുന്നോട്ടു വന്നെങ്കിലും പൊന്നു പോലെ പരിപാലിക്കുന്ന നാലു പശുക്കളെ താത്കാലികമെങ്കിലും കൈമാറ്റത്തിന് അവർ തയ്യാറായില്ല. ഇവയെ പരിപാലിച്ചു വന്ന ഗൃഹനാഥനും പിന്നീട് കൊവിഡ് ബാധിതനായി. ഇതോടെ വേറെ വഴിയില്ലാതെ പശുക്കളേയും രണ്ടു കുട്ടികളേയും സംഘത്തിന്റെ പരിപാലനത്തിനായി വിട്ടുനൽകി. പരിസരത്തുള്ള ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ തൊഴുത്തിലാണ് മിണ്ടാപ്രാണികളെ മാറ്റി പാർപ്പിച്ചത്. സംഘത്തിന്റെ തൊഴിലാളി ശശിയ്ക്കാണ് പരിപാലനത്തിന്റെ ചുമതല. ആർ.ആർ.ടി പ്രവർത്തകരുടെ കൈത്താങ്ങുമുണ്ട്. സംഘം നടത്തുന്ന തോട്ടത്തിൽ നിന്നും യഥേഷ്ടം തീറ്റപ്പുല്ലും എത്തിക്കുന്നുണ്ട്. തുടർന്നാണ് പ്രസിഡന്റ് വി.ഡി. തോമസിൽ മറ്റൊരു ആശയം ഉടലെടുത്തത്. പഞ്ചായത്ത് പരിധിയിൽ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകരുണ്ടെങ്കിൽ ഉരുക്കളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. തുടർന്ന് കലവറക്കടവിലെ സംരക്ഷണം ഔദ്യോഗികമാക്കാൻ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പശുക്കളെ തൊഴുത്തിലേക്ക് കൈമാറി ആർദ്രമായ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത അദ്ധ്യക്ഷയായി. വി.ഡി. തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ വിജിത്ത്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സതി ബാബു, പഞ്ചായത്തംഗം ജി്ര്രപി സാജു, ഡയറി ഓഫീസർ വിമക്‌സൺ എന്നിവർ സംസാരിച്ചു.