വടക്കാഞ്ചേരി: കൊവിഡ് മൂലം ക്ഷേത്രങ്ങൾ അടച്ചിട്ടതിനാൽ വരുമാനമില്ലാതെ ദേവസ്വം ബോർഡുകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മന്ത്രി.കെ. രാധാകൃഷ്ണൻ. ഭണ്ഡാരവരുമാനവും വഴിപാടുകളും ഇല്ലാതായി. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ മുടങ്ങാതെ നടത്താനും ജീവനക്കാർക്ക് ശബളം കൊടുക്കാനും പണത്തിനായി മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തേണ്ട അവസ്ഥയാണ്. സർക്കാരിൽ നിന്നും കടമെടുത്താണ് ശബളം നൽകി വരുന്നത്. മലബാർ ദേവസ്വമാണ് പണമില്ലാതെ ഏറെ ബുദ്ധിമുട്ടുന്നത്. ഇതിനെ മറികടക്കാൻ പദ്ധതി അടിയന്തരമായി നടപ്പാക്കുകയെന്നതാണ് തന്റെ മുന്നിലുള്ള ആദ്യ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡുകളുടെ കീഴിലുള്ള പല ക്ഷേത്രങ്ങളുടേയും കീഴിൽ ഏക്കർ കണക്കിന് ഭൂമിയുണ്ട്. ഇത് ഉപയോഗിക്കാൽ കഴിയാതെ കിടപ്പാണ്. ഈ ഭൂമി കമേഴ്‌സൽ ഉപയോഗത്തിനായി കണ്ടെത്തിയാൽ ദേവസ്വം ബോർഡുകൾക്ക് വരുമാനമാകും. ദേവസ്വങ്ങളുടെ ഭൂമിയിൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൻ വിവാദങ്ങൾ ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. ക്ഷേത്രങ്ങളുടെ നിലനില്പിന് ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അവർ മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളെയും ചുറ്റിപറ്റി നിരവധി ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവരുടെ വരുമാനം മുടങ്ങാൻ ഇടയാകരുത്. ക്ഷേത്രങ്ങളും, വിശ്വാസങ്ങളും നിലനിറുത്തി കൊണ്ട് മുന്നോട്ടു പോകുകയെന്നതുതന്നെയാണ് സർക്കാരിന്റെ ലക്ഷ്യം. ഇടതു സർക്കാർ ഒരിക്കലും വിശ്വാസങ്ങളെ എതിർത്തിട്ടില്ല. അന്ധവിശ്വാസത്തിന് പിറകെ പോകുന്നതിനെയാണ് എതിർത്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.