cleaning

പുതുക്കാട് റെയിൽവേ സ്റ്റേഷൻ യാത്രക്കാർ ശുചീകരിക്കുന്നു

പുതുക്കാട്: ലോക്ക് ഡൗണിൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നിറുത്തിയതോടെ യാത്രക്കാർ കുറഞ്ഞെങ്കിലും സ്റ്റേഷൻ വൃത്തിയായി സൂക്ഷിക്കണം എന്നത് യാത്രക്കാർക്ക് നിർബന്ധമാണ്. അതുകൊണ്ടാണ് പ്ലാറ്റുഫോമുകളും ഇരിപ്പിടങ്ങളും ശുചീകരിക്കാൻ പുതുക്കാട് നിന്നും സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നവർ എത്തിയത്. ട്രെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവൃത്തികൾ.

സ്റ്റേഷൻ ശുചീകരിക്കാനായി സ്ഥിരം യാത്രക്കാർ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് എത്തിയപ്പോൾ സ്റ്റേഷൻ ജീവനക്കാർ അത്ഭുതപ്പെട്ടു. ഇരിപ്പിടങ്ങളും പ്ലാറ്റുഫോമുകളും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി.
പ്രോട്ടോകോൾ പാലിച്ച് ഗ്രൂപ്പുകൾ ആയിട്ടായിരുന്നു ശുചീകരണം. സ്റ്റേഷൻ സൂപ്രണ്ട് കെ.എസ്. ജയകുമാർ, സ്റ്റേഷൻ മാസ്റ്റർ, രാജേഷ്, ഇലക്ട്രിക്കൽ ജീവനക്കാരനായ വേണു, മാധവ് എന്നിവരുടെ പിന്തുണകൂടി ആയപ്പോൾ സ്റ്റേഷൻ ക്ലീൻ. സർവീസ് തുടരുന്ന ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസ്, നാഗർകോവിൽ മംഗലാപുരം പരശുറാം എക്‌സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാർ മാത്രമാണ് ഇപ്പോൾ എത്തുന്നത്. അതാകട്ടെ പതിവിലും കുറവ് ആളുകളും. ഉച്ചക്ക് പരശുറാം എക്‌സ്പ്രസിന് കോഴിക്കോട്, എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കൊവിഡ് പ്രോട്ടോകോൾ സന്ദേശം നൽകിയാണ് ശുചീകരണം സമാപിപ്പിച്ചത്. പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ പി.ആർ. വിജയകുമാർ, അരുൺ ലോഹിതാക്ഷൻ, ലിംസൻ പല്ലൻ, വിജിൻ വേണു എന്നിവർ നേതൃത്വം നൽകി.