തൃശൂർ : മേയ് മാസത്തിൽ കൊവിഡ് ബാധിതരായത് 88,000 ൽ അധികം രോഗികൾ. പതിനഞ്ച് മാസത്തിനിടെയുണ്ടായ രോഗികളിൽ നാൽപത് ശതമാനം രോഗികളാണ് മേയ് മാസത്തിൽ മാത്രം ഉണ്ടായത്. മരണ നിരക്കിലും മേയ് റെക്കാഡ് ഭേദിച്ചു. ആയിരത്തിലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഔദ്യോഗിക കണക്ക് പ്രകാരമത് 440 ഓളമാണ്. ഒരുസമയത്ത് സംസ്ഥാനത്ത് കൂടുതൽ രോഗ വ്യാപനമുള്ള നാല് ജില്ലകളിൽ ഒന്നായി തൃശൂർ മാറി. രണ്ട് ദിവസം പ്രതിദിന രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിലെത്തി. 16 ാം തിയതി വരെ നാലായിരത്തിന് താഴെയായിരുന്നു പ്രതിദിനരോഗികളുടെ എണ്ണം. ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും ഏർപ്പെടുത്തിയാണ് രോഗികളുടെ എണ്ണം കുറച്ചത്.
പോസിറ്റിവിറ്റി നിരക്ക് 34 ശതമാനമായി. ഇതേത്തുടർന്ന് 90 ശതമാനത്തോളം തദ്ദേശ സ്ഥാപനങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാക്കി. ഇപ്പോൾ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നതോടെ ചില വാർഡുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച്ചയ്ക്ക് മുമ്പ് മൂന്നു ദിവസം പോസിറ്റിവിറ്റി 20 ശതമാനത്തിൽ താഴെയെത്തിയത് ഞായറാഴ്ച വീണ്ടും 21 ന് മുകളിലെത്തി. ഇന്നലെ അത് 18.11 ആയി. ആറായിരത്തിൽ താഴെ മാത്രമാണ് പരിശോധന നടന്നത്.
ഒരു മാസം അടച്ചിട്ടശേഷം ഇന്ന് മുതൽ നഗരത്തിലെ മാർക്കറ്റടക്കമുള്ളവ തുറന്ന് പ്രവർത്തിക്കും. അതുപോലെ ബാങ്കുകൾ, തുണിക്കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയും നിയന്ത്രണങ്ങളോടെ തുറക്കും. ഇതോടെ കൂടുതൽ പേർ പുറത്തേക്ക് ഇറങ്ങിയേക്കും.
പൊലീസ് പരിശോധന കുറഞ്ഞു
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പൊലീസ് പരിശോധനകൾ കുറഞ്ഞു. ഓരോ സ്‌റ്റേഷൻ പരിധികളിലും രണ്ടും മൂന്നും കേന്ദ്രങ്ങളിൽ എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ച് അനാവശ്യ യാത്രക്കാരെ പിടികൂടിയിരുന്നു. എന്നാൽ ഇന്നലെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് പരിശോധന നടന്നത്. നഗരത്തിൽ എതാനും കേന്ദ്രങ്ങളിൽ ഇപ്പോഴും പൊലീസിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും കർശന പരിശോധനയില്ല. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണവും വർദ്ധിച്ചു. സത്യവാങ് മൂലത്തിന്റെ കോപ്പി കാണിക്കുന്ന എല്ലാവരെയും കടത്തിവിടും.
മേയ് മാസം
ആകെ രോഗം സ്ഥിരീകരിച്ചവർ 88,057
ഏറ്റവും ഉയർന്ന പ്രതിദിന രോഗികൾ 4,230
ഏറ്റവും കുറവ് 1055
7000 ഓളം കുട്ടികൾക്ക് കൊവിഡ്
മേയ് മാസത്തിൽ പത്ത് വയസിന് താഴെയുള്ള 6,847 കുട്ടികളാണ് കൊവിഡ് ബാധിതരായത്. കഴിഞ്ഞ ജനുവരി മുതൽ 11,068 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. അതേ സമയം ഒരാൾ പോലും മരിച്ചിട്ടില്ല എന്നത് ആശ്വാസം പകരുന്നു.
കൊവിഡും കുട്ടികളും
ജനുവരി...... 707
ഫെബ്രുവരി ... 602
മാർച്ച് ... 295
ഏപ്രിൽ ... 2617
മേയ് ... 6847
ആകെ ... 11068