വടക്കാഞ്ചേരി പുതുപ്പാലത്തിലെ നടപ്പാതയിലെ സ്ലാബ് തകർന്ന നിലയിൽ
വടക്കാഞ്ചേരി: സംസ്ഥാന പാതയിൽ വടക്കാഞ്ചേരി പുഴപ്പാലത്തിന് കുറുകെയുള്ള പുതപ്പാലത്തിൽ ടോറസ് വാഹനം കയറി നടപ്പാതയിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ തകർന്നു. സംസ്ഥാനപാതയിൽ ടാറിംഗ് പ്രവർത്തികൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാലത്തിനു മുകളിലും ടാറിംഗ് നടന്നിരുന്നു. ഇതിനിടയിലാണ് ടോറസ് വാഹനം റോഡിൽ നിന്നും നടപ്പാതയിലുള്ള സ്ലാബിന് മുകളിൽ കയറിയത്. കാലപ്പഴക്കം മൂലം ജീർണ്ണിച്ച സ്ലാബിന്റെ കമ്പികൾ തകർന്ന നിലയിലാണ്. എന്നാൽ പാലത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എൻജിനിയർ വി.പി. ഹാപ്പി അറിയിച്ചു. തകർന്ന സ്ലാബുകൾക്ക് പകരം പുതിയ സ്ലാബുകൾ നിർമ്മിച്ച് സ്ഥാപിക്കും. കാലതാമസമില്ലാതെ ഉടനെ തന്നെ അറ്റകുറ്റപണികൾ പൂർത്തിയാക്കും. ബ്രിഡ്ജസ് വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നിരത്തുവിഭാഗം തന്നെ ഈ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് അസി.എൻജിനിയർ അറിയിച്ചു.