ചാലക്കുടി: നിയോജക മണ്ഡലത്തിൽ 134 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 63 പേർ. മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളിൽ 52 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നഗരസഭാ പരിധിയിൽ 22 പുതിയ കൊവിഡ് ബാധിതരുണ്ട്. കൊരട്ടിയിൽ പതിനെട്ടും, കോടശേരിയിൽ പതിമൂന്നും രോഗികളുണ്ട്. കൊടകര, മേലൂർ എന്നിവടങ്ങളിൽ അഞ്ചു വീതം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

അതിരപ്പിള്ളി മലക്കപ്പാറയിൽ തോട്ടം തൊഴിലാളികൾക്കായി നടത്തിയ മെഗാ ആന്റിജൻ പരിശോധനയിൽ 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലാ മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇത്രയും പേരുടെ വൈറസ് ബാധ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് 52 ആളുകൾക്ക് രോഗമുണ്ടെന്ന് വ്യക്തമായത്. പെരുമ്പാറ ആദിവാസി കോളനയിലും പരിശോധന നടത്തി. ഒരാൾക്ക് രോഗം കണ്ടെത്തി.1307 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ സംഘടിപ്പിച്ചതായിരുന്നു മെഗാ ക്യാമ്പ്. നാല് മൊബൈൽ യൂണിറ്റുകൾ നാലിടത്ത് തമ്പടിച്ചാണ് പരിശോധന നടത്തിയത്. നേരത്തെ 94 പേർക്ക് ഇവിടെ കൊവിഡ് പിടിപെട്ടിരുന്നു. ഇതിൽ 80 ആളുകളും രോഗമുക്തരായി. മെഡിക്കൽ ഓഫീസർ ആൻസുലിൻ, ഡോ.പീറ്റർ ജോസഫ് എന്നിവർ നേതൃത്വം നൽകി. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല എന്നിവരും സ്ഥലത്തുണ്ടായിരുന്നു.