nurses

തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗം തീർക്കുന്ന ഭീഷണിയെ പൊരുതിതോൽപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ലോക നഴ്സസ് ദിനത്തിലും ജില്ലയിലെ നഴ്സുമാർ. ലോകമെമ്പാടും നഴ്സുമാർ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിന് മുൻപ് ഉണ്ടായിരിക്കില്ല. വിശ്രമമില്ലാത്ത ജോലിക്കിടയിലും വിവിധ ആശുപത്രികളിൽ മെഴുകുതിരി തെളിച്ച് അവർ തങ്ങളുടെ ദിനം ആചരിച്ചു.

ജനറൽ ആശുപത്രിയിലെ നഴ്സസ് ദിനാഘോഷം നിയുക്ത എം.എൽ.എ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഴ്സുമാർ ചേർന്ന് മെഴുകുതിരി തെളിച്ചു. നഴ്സുമാരെ നേരിൽക്കണ്ട് ആശംസയറിയിക്കാൻ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയും ജനറൽ ആശുപത്രിയിലെത്തിയിരുന്നു. ജനറൽ ആശുപത്രിയിൽ കൂടുതൽ സംഭരണ ശേഷിയുള്ള ഓക്സിജൻ പ്ലാന്റ് നിർമിക്കുന്ന സ്ഥലം സന്ദർശിക്കാനെത്തിയപ്പോഴാണ് കളക്ടർ ഡ്യൂട്ടിയിലുണ്ടായിയിരുന്ന നഴ്സുമാരെ കണ്ട് ആശംസ അറിയിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു, ജനറൽ ആശുപത്രി സൂപ്രണ്ട് പദ്മലത, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ധനുജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

നഴ്സസ് ദിനത്തിൽ തന്നെ വാക്സിൻ ചലഞ്ചിലും ഇവർ പങ്കാളികളായി.പബ്ലിക് ഹെൽത്ത് നഴ്സിംഗ് വിഭാഗമാണ് നാലു ലക്ഷം രൂപ വാക്സിൻ ചലഞ്ചിലേക്കായി നൽകിയത്. കേരള ഗവൺമെന്റ് പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി രേണു കുമാരിയും വൈസ് പ്രസിഡന്റ് ആശാലത സി.എസും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയ്ക്ക് സംഭാവന കൈമാറി. അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്‌ട്രേറ്റ് ടി.ജി.ഗോപകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സുമാരും ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരി തെളിച്ച് ദിനാചരണം നടത്തി. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.