പാലോട്: ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ജംഗ്ഷൻ മുതൽ സുമതി വളവുവരെയുള്ള പ്രദേശത്തും നന്ദിയോട് പഞ്ചായത്തിലെ വിവിധ ജനവാസമേഖലകളും അറവ് മാലിന്യവും ഹോട്ടൽ വേസ്റ്റും നിക്ഷേപിക്കാനുള്ള കേന്ദ്രമാകുന്നു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുകൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രവും സ്ഥിതിചെയ്യുന്ന പ്രദേശത്തിനാണ് ഈ ദുർഗതി. പാണ്ഡ്യൻപാറ മുതൽ ജനവാസമേഖലയിൽ പോലും വീടുകളിൽ താമസിക്കാൻ കഴിയാത്ത ദുർഗന്ധമാണ് ഈ പ്രദേശത്ത്. മാലിന്യസംസ്കരണ സംവിധാനമില്ലാത്ത അറവ് ശാലകൾക്കും പൗൾട്രി ഫാമുകൾക്കും യാതൊരു പരിശോധനയും കൂടാതെ അധികാരികൾ ലൈസൻസ് നൽകുന്നതിനാൽ അർദ്ധരാത്രിയോടു കൂടി വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം വലിയ ചാക്കുകെട്ടുകളായി ഈ പ്രദേശങ്ങളിൽ തള്ളുകയാണ് പതിവ്. ഈ പ്രദേശങ്ങൾ വനപാലകർ ബീറ്റ് സ്യൂട്ടി ചെയ്യണമെന്ന മേലധികാരികളുടെ മുന്നറിയിപ്പുകൾ ഇവർ പാടേ അവഗണിക്കുകയാണ് പതിവ്. ഇതും മാലിന്യം തള്ളാൻ വരുന്ന സാമൂഹ്യ ദ്രോഹികൾക്ക് സഹായകമാകുന്നുണ്ട്. ഈ പ്രദേശങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതും സാമൂഹ്യ വിരുദ്ധർക്ക് സഹായകമാണ്. ഈ പ്രദേശങ്ങളിൽ രാത്രി കാല പട്രോളിംഗ് ശക്തമാക്കിയും സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തരമായി നന്നാക്കി നൽകിയും ഈ പ്രദേശവാസികളെ സാംക്രമിക രോഗ വ്യാപനസാദ്ധ്യതകളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള മേൽ നടപടികളും സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം തന്നെ അനധികൃത മത്സ്യമാംസവ്യാപാരസ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളും സ്വീകരിക്കണമെന്നതാണ് ഇവരുടെ ആവശ്യം..
റോഡിൽ കാട്ടുമൃഗങ്ങളും
ഇതു വഴിയുള്ള ഇരുചക്രവാഹന യാത്രക്കാർക്ക് ഭീതിയോടെ മാത്രമേ സഞ്ചരിക്കാൻ കഴിയൂ. രാത്രികാലങ്ങളിൽ റോഡിൽ തള്ളുന്ന മാലിന്യം ഭക്ഷിക്കാൻ കാട്ടുപന്നികളും എത്താറുണ്ട്.
ഇവർ രാത്രികാലങ്ങളിൽ ഇതുവഴിയെത്തുന്ന വാഹനങ്ങളെ അക്രമിക്കുന്നത് പതിവാണ്. വാഹനങ്ങളിലെത്തുന്നവരെ ഇടിച്ചിട്ട ശേഷം അവരെ ആക്രമിക്കുന്നതും പതിവാണ്. പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർ പലരും ചികിത്സയിലാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതര പരിക്കേറ്റവരും മരണമടഞ്ഞവരും നിരവധിയാണ്. രണ്ട് ദിവസം മുൻപ് പകൽ സമയത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചെല്ലഞ്ചി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഇപ്പോഴും പാലോട് ആശുപത്രിയിൽ ചികിത്സയിലാണ്.
മാലിന്യ സംസ്കരണം വേണം
ചാക്ക് കണക്കിന് ഇറച്ചി വേസ്റ്റ് കുറുപുഴ ജനവാസ മേഖലയിലെ റോഡിൽ തള്ളിയതു മൂലമുള്ള ദുർഗന്ധത്താൽ ജനജീവിതം ദുസ്സഹമായി. സംസ്കരണ സംവിധാനമില്ലാത്ത അറവ് ശാലകൾക്ക് ലൈസൻസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യാതൊരു പരിശോധനയും കൂടാതെ നൽകിയതു കൊണ്ട് ദുരിതം അനുഭവിക്കുന്നത് പൊതുജനങ്ങളാണ്. ഈ പ്രദേശങ്ങളിലെ ഇറച്ചി ഫാമുകൾ അടിയന്തരമായി പരിശോധിച്ച് മാലിന്യസംസ്കരണ സംവിധാനമില്ലാത്തവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.