radhika

കാട്ടാക്കട: വരയിലൂടെ പണം കണ്ടെത്തി രോഗികളെ സഹായിക്കുന്ന ജില്ലാ പഞ്ചായത്തംഗം മാതൃകയാവുന്നു. ജില്ലാ പഞ്ചായത്തിലെ പൂവച്ചൽ ഡിവിഷൻ മെമ്പർ രാധിക ടീച്ചറാണ് കൊവിഡ് രോഗികളെ സഹായിക്കാൻ വേറിട്ട മാർഗം സ്വീകരിച്ചിരിക്കുന്നത്. തന്റെ ഡിവിഷനിലുള്ള രോഗികൾക്ക് സഹായം എത്തിക്കാനാണ് ചിത്രം വിറ്റുകിട്ടുന്ന കാശ് ടീച്ചർ വിനിയോഗിക്കുന്നത്.പതിനഞ്ച് വർഷത്തിലേറെയായി അദ്ധ്യാപനരംഗത്ത് സേവനം അനുഷ്ഠിച്ച രാധിക ടീച്ചർ ചിന്മയ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. ഇവിടെ നിന്നുമാണ് ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് വിജയിച്ചത്. മൂന്നു വർഷം മുൻപ് വിമൻസ് കോളേജിൽ രണ്ടുമാസം മ്യൂറൽ പെയിൻറിംഗ് ക്ലാസിന് പങ്കെടുത്തതാണ് ടീച്ചറുടെ ജീവിതം വരയുടെ ലോകത്തേക്ക് എത്തിച്ചത്. ക്ലാസിനുശേഷം നിരവധി ചിത്രങ്ങൾ സ്വന്തമായി വരച്ചു. ചിത്രങ്ങൾ ഭംഗിയായതോടെ ടീച്ചറുടെ ചിത്രങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തും വിൽക്കാൻ കഴിഞ്ഞു. ഓരോ ചിത്രത്തിനും പതിനായിരം മുതൽ മുപ്പത്തിനായിരം രൂപ വരെ ലഭിച്ചിട്ടുണ്ടെന്ന് ടീച്ചർ അഭിമാനത്തോടെ പറയുന്നു.കഴിഞ്ഞ ലോക്ഡൗൺ സമയത്ത് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സമയങ്ങളിലെല്ലാം സ്വന്തമായി മാസ്ക് നിർമ്മിച്ച് പൊലീസുകാർക്കും സമീപവാസികൾക്കും രാധിക ടീച്ചർ നൽകി ശ്രദ്ധ നേടിയിരുന്നു. പൂവച്ചൽ പുളിങ്കോട് പങ്കജത്തിൽ എം.പി. രാജീവ് കുമാറാണ് ഭർത്താവ്.
സേവന പ്രവർത്തനങ്ങൾക്ക് ഭർത്താവും മക്കളായ ആദി കേശവും ആര്യ തീർത്ഥയും പിന്തുണയുമായി ഒപ്പമുണ്ട്.