1

നെയ്യാറ്റിൻകര: കൊവിഡ് രണ്ടാം തരംഗം കൊടുമ്പിരികൊണ്ടിട്ടും നിയന്ത്രണങ്ങളില്ലാതെ നെയ്യാറ്റിൻകര. ഇവിടെ നിരോധനാഞ്ജ നിലനിൽക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ പഴയപടി തന്നെയെന്നാണ് ആക്ഷേപം. ഇന്നലെ ഇവിടെ 521 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ പൊതുനിരത്തുകളിലിറങ്ങുന്നതും കൊവിഡ് വ്യാപനം കൂടാൻ ഇടയാക്കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷകളും ടാക്സികളും ഇവിടെ സർവീസ് നടത്തുന്നുവെന്നും ആക്ഷേപമുണ്ട്. നെയ്യാറ്റിൻകര ടൗണിൽ പത്തോളം ടാക്സി സ്റ്രാൻഡുകളും ഓട്ടോ സ്റ്രാൻഡുകളുമുണ്ട്. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ കൊവിഡ് വ്യാപനത്തിന്റെ തീവ്രതയെതുടർന്ന് ജില്ലാ കളക്ടർ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗവ്യാപനം നിയന്ത്രിക്കാനാകാത്തത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തുന്നുണ്ട്. ബസ് സ്റ്റാൻഡിന്റെ സമീപ പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും ജനത്തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയുരുന്നുണ്ട്.

 കെ.എസ്.ആർ.ടി.സിയിലും കൊവിഡ് പ്രതിസന്ധി

നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വിവിധ വിഭാഗങ്ങളിലായി നിലവിൽ പത്തോളം കൊവിഡ് പോസിറ്റീവ് കേസുകളുണ്ട്. സർവീസുകളുടെ എണ്ണം കുറച്ചതും,​ ഇടറൂട്ടുകളിൽ നിന്ന് തലസ്ഥാനത്തേക്കുള്ള സർവീസുകൾ റദ്ദാക്കിയതും യാത്രാദുരിതം വർദ്ധിപ്പിക്കാനും ബസ് സ്റ്രാൻഡിൽ ജനങ്ങൾ കൂട്ടം കൂടുന്നതിനും ഇടയാക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുൾപ്പടെ നിരവധിപേർ വന്നുപോകുന്ന നെയ്യാറ്റിൻകര ബസ് ഡിപ്പോയിൽ കൊവിഡ് പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമായി ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും അഭിപ്രായം. ട്രാൻസ്പോർട്ട് ജീവനക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകാൻ ഫലപ്രദമായ നടപടികൾ അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. കൊവിഡിന്റെ ഒന്നാംഘട്ടത്തിൽ ഇവിടത്തെ ജീവനക്കാർക്കായി സൗജന്യ മാസ്കുകളും സാനിറ്റൈസറുകളും ഫെയ്സ് ഷീൽഡുകളും വിതരണം ചെയ്തിരുന്നു. എന്നാൽ കൊവിഡിന്റെ രണ്ടാം തരംഗം ശക്തമായ ഈ സമയത്ത് ഇവയൊന്നും നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

 നെയ്യാറ്റിൻകര നഗരസഭാപരിധിയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് - 521

 നെയ്യാറ്റിൻകരയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

 കൊവിഡ് നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നില്ല