കല്ലമ്പലം: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ കല്ലമ്പലം ജനമൈത്രി പൊലീസ് പരിശോധന ശക്തമാക്കി.ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. കല്ലമ്പലം സ്റ്റേഷൻ അതിർത്തിയിൽ വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച്‌ വാഹനഗതാഗതം നിയന്ത്രിച്ചുതുടങ്ങി. അത്യാവശ്യ യാത്രയ്ക്ക് തടസമുണ്ടാകില്ലെങ്കിലും അനാവശ്യമായി കറങ്ങി നടക്കുന്നവർ പിടിയിലാകും.രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ നിരീക്ഷിക്കും. ക്വാറന്റൈൻ ലംഘനവും, അന്യസംസ്ഥാനത്ത് നിന്നുള്ളവരുടെ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയും പരിശോധന നടത്തും.പൊലീസ് സ്റ്റേഷൻ അതിർത്തികളിലും,ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്തും ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹന പരിശോധന ശക്തമാക്കും.യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കിയില്ലെങ്കിൽ മടക്കി അയയ്ക്കും.അന്യസംസ്ഥാനത്ത് നിന്നെത്തുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം കരുതണം.ആൾക്കൂട്ടം തടയുന്നതിന് ബസ് സ്റ്റാൻഡ്, ബസ് സ്റ്റോപ്പുകൾ, തട്ടുകടകൾ, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പൊതു നിരത്തുകൾ,ജംഗ്ഷനുകൾ എന്നിവ കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കുകയും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുകയും ചെയ്യും.